
പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചതായി പരാതി. ആരോപണവുമായി ബന്ധപ്പെട്ട് അർധരാത്രിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. കൊടുമൺ പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ പോയതിനെ തുടർന്നാണ് പരാതി ഉയർന്നത്. ഉടൻ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. അടൂർ സംഘർഷത്തിൽ കഴിഞ്ഞ ദിവസം ജയിലിൽ ആയ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവരമറിഞ്ഞ ഉന്നത ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു.
പ്രതിഷേധക്കാർ മയപ്പെടാതെ വന്നതോടെ എസ്പിയുടെ നിർദ്ദേശപ്രകാരം ഉറങ്ങിക്കിടന്ന പോലീസുകാരെ വിളിച്ചുണർത്തി വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനു സമീപത്തെ റെസ്റ്റ് റൂമിൽ വിശ്രമിക്കുകയായിരുന്നു പോലീസുകാർ. നാലു പോലീസുദ്യോഗസ്ഥരെയാണ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. രണ്ടുപേരിൽ മദ്യത്തിന്‍റെ ഗന്ധം കണ്ടെത്തിയതായാണ് വിവരം. രക്തപരിശോധന ഫലം വന്നിട്ടില്ല. മദ്യപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നു ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam