കെട്ടിപ്പിടിച്ച് ഒന്നിച്ചുറങ്ങട്ടെ അവർ: അലീനയും അനഘയും അവസാന യാത്രയിലും ഒപ്പം...

By Web TeamFirst Published Aug 12, 2019, 12:41 PM IST
Highlights

രക്ഷാപ്രവർത്തകർ കണ്ടെടുക്കുമ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു അലീന. അവളുടെ അച്ഛന്‍റെ സഹോദരന്‍റെ മകളായ അനഘയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

മലപ്പുറം: കെട്ടിപ്പിടിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങുമ്പോഴാണ് മണ്ണിടിഞ്ഞ് മരണമായി ഈ കുഞ്ഞുങ്ങൾക്ക് മേൽ വീണത്. സഹോദരപുത്രിമാരായിരുന്നു അവർ. അലീനയും അനഘയും. മണ്ണിടിഞ്ഞപ്പോൾ അനഘയെ വലിച്ചു കയറ്റി. കോൺക്രീറ്റ് പാളികൾ വീണ് ഗുരുതരമായി പരിക്കേറ്റ അവളെ പക്ഷേ ചികിത്സിക്കാൻ പോലും വഴിയുണ്ടായിരുന്നില്ല. അവൾ പോയി. 

പക്ഷേ, അലീന മണ്ണിനടിയിലായിരുന്നു. അവളെ തിരയാൻ കഴിഞ്ഞില്ല. അപ്പോഴേക്ക് മണ്ണ് വീണ് വീടാകെ മൂടിപ്പോയിരുന്നു. വീട്ടിലെ ആറ് പേരെയും രക്ഷപ്പെടുത്തി. അവൾ മാത്രം അവിടെ. ഒറ്റയ്ക്ക്. സഹിക്കാവതായിരുന്നില്ല അലീനയുടെ അച്ഛൻ വിക്ടറിനത്. 

രക്ഷാപ്രവർത്തകർക്ക് കയറാൻ കഴിയാതിരുന്നിട്ടും, ആളുകൾ പൂണ്ട് പോകുന്ന, ആറടി താഴ്‍ചയുള്ള മണ്ണിന്‍റെ അരികിൽ പിടിച്ച് വിക്ടർ കയറി. രക്ഷാ പ്രവർത്തകർക്ക് എത്താൻ കഴിയില്ലെങ്കിൽ ഒറ്റയ്ക്ക് മകളെ തിരികെ കൊണ്ടുവരാൻ ആ അച്ഛൻ മല കയറി. ഒറ്റയ്ക്ക് വീടിന് മുകളിലെ മണ്ണ് നീക്കി. കോൺക്രീറ്റ് സ്ലാബ് അവനവന് പറ്റുന്ന രീതിയിൽ പൊളിച്ചു നീക്കാൻ നോക്കി. 

കൂടി നിന്ന് നാട്ടുകാരത് ഞങ്ങളടക്കമുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''കൊച്ചിന്‍റപ്പനാണ് അവിടെപ്പോയി കുഴി മാന്തണത്. മഴയില്ലാത്ത നേരത്താണ് അവിടെപ്പോയി രക്ഷാപ്രവ‍ർത്തനം നടത്തണ്ടത്. അതിപ്പോ തുടങ്ങണേ ഉള്ളൂ. അത്ര ആളല്ലേ ഇവിടെയുള്ളൂ. ഇന്നലെയൊന്നും ആർക്കും അവിടെ എത്താൻ പറ്റീലല്ലോ. 

ഇന്നലെ അവര് പോയതാണ് കുറച്ചു വഴി. അപ്പഴക്കാണ് പിന്നെയും മണ്ണിടിഞ്ഞ് വീണത്. അപ്പോ അവരെല്ലാം നിർത്തി ഇറങ്ങിയോടി. ഇപ്പോ മഴ മാറിയപ്പോ ഇന്ന് പിന്നെയും മുകളിലേക്ക് കയറിപ്പോയതാ'', നാട്ടുകാർ ഞങ്ങളോട് പറഞ്ഞു. 

നെഞ്ച് തകരുന്ന ഈ കാഴ്ച കണ്ട് രക്ഷാപ്രവർത്തകരും പിന്നാലെ കയറി. എല്ലാവരും ചേർന്ന് വീടിനകത്ത് നിന്ന് ഒടുവിൽ അവളെ പുറത്തെടുത്തു. സ്വന്തം അനിയത്തിയെ കെട്ടിപ്പിടിച്ച് ഉറങ്ങിയിരുന്ന ആ കട്ടിലിൽ അവൾ എന്നേക്കുമായി ഉറങ്ങിക്കിടക്കുകയായിരുന്നു. നിലത്തമർന്നു പോയ ആ കട്ടിലിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തപ്പോൾ വിക്ടർ വിതുമ്പിക്കരഞ്ഞു. 

ഒടുവിൽ രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് അടക്കുകയാണ് വിക്ടറും സഹോദരനും. ഒന്നിച്ചുറങ്ങിയ കുഞ്ഞുങ്ങൾ, ഒന്നിച്ചു തന്നെ നിത്യനിദ്രയിലാഴട്ടെ.

 

click me!