
തൊടുപുഴ: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി. സ്വർണ ശുദ്ധീകരണ കമ്പനിയിലെ മുൻ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാറിലെ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്. എയർഗൺ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഏറ്റുമുട്ടലിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സതീഷിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
സ്വർണശുദ്ധീകരണശാലയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവർച്ച ആസൂത്രണം ചെയ്തത്. കവർച്ചയിലൂടെ കിട്ടിയ സ്വർണം ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവിൽ പോയത്. ആറ് കോടി രൂപ മൂല്യം വർധിക്കുന്ന ഈ സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam