
കൊച്ചി: ഹൈബി ഈഡൻ എംപി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതോടെ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ഇതോടെ ഈ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിൽ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. ലോക്സഭാ സീറ്റ് നഷ്ടപ്പെട്ട കെ വി തോമസ് മുതൽ പുതുതലമുറയിലെ നേതാക്കള്‍ വരെ സീറ്റ് പിടിക്കാൻ ഇറങ്ങുമെന്നാണ് സൂചന. ആരായാലും ജയസാധ്യതയ്ക്കാവും മുൻഗണനയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
യുഡിഎഫിന്‍റെ കുത്തക സീറ്റെന്നത് മാത്രമല്ല, ലോക്സഭാ തരെഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഹൈബിക്ക് കിട്ടിയ 31000 വോട്ടിന്റെ വമ്പൻ ലീഡും സ്ഥാനാർഥിമോഹികളുടെ ഉറക്കം കെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ട കെ വി തോമസ് അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്. അല്ലെങ്കിൽ തന്റെ ഇഷ്ടക്കാർക്ക് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
കെ വി തോമസിന്‍റെ ആശീർവാദത്തോടെ കളത്തിലിറങ്ങാമെന്ന പ്രതീക്ഷയിലാണ് മുൻ മേയർ ടോണി ചമ്മിണി. ലത്തീൻ സമുദായംഗമാണെന്നതാണ് ഇദ്ദേഹം ഉയർത്തിക്കാട്ടുന്ന ഒരു കാര്യം. ഡി സി സി പ്രസിഡന്റും ഡപ്യൂട്ടി മേയറുമായ ടി ജെ വിനോദാണ് പരിഗണനയിലുള്ള മറ്റൊരു പ്രമുഖൻ. സാമുദായിക ഘടകങ്ങളും ടി ജെ വിനോദിന് അനുകൂലമാണ്.
കൊച്ചി മേയർ സൗമിനി ജയിന്റെ പേരും ചർച്ചയിൽ ഉയർന്നേക്കാനുള്ള സാധ്യതകളുണ്ട്. പുതിയ മേയർക്കായി നീക്കം നടത്തുന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന് ഇത് സൗകര്യമാകും. സാമുദായിക പരിഗണനകൾക്ക് പ്രാധാന്യമുളള മണ്ഡലത്തിൽ മുൻ എം എൽ എ ഡോമിനിക് പ്രസന്റേഷനും സാധ്യതയുണ്ട്. ജയസാധ്യതയ്ക്കാണ് പ്രഥമപരിഗണനയെന്നും എല്ലാം കെപിസിസി തീരുമാനിക്കുമെന്നുമാണ് ഡിസിസിയുടെ ഔദ്യോഗിക നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam