സാക്ഷികളെല്ലാം കൂറുമാറി: കാസർകോട്ടെ മൂന്ന് കൊലക്കേസുകളിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടു

By Web TeamFirst Published Jun 24, 2020, 9:42 PM IST
Highlights

നെല്ലിക്കുന്ന് സ്വദേശിയായ സന്ദീപ് കൊല്ലപ്പെട്ടതിനെത്തുർന്നുണ്ടായ വർഗീയ സംഘർത്തിൽ ഒരു മാസത്തിനിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലും എല്ലാ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. 

കാസർകോട്: സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം ഉള്‍പ്പടെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ വെറുതെവിട്ടു. രണ്ട് കേസുകളില്‍ സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറി. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് മൂന്ന് കേസുകളുടേയും വിചാരണ നടന്നത്.

2015 ഓഗസ്റ്റ് 28-ന്  തായന്നൂരിലെ കായകുന്നിലെ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷത്തിൽ കൊലപ്പെട്ട സി.പി.എം. പ്രവര്‍ത്തകൻ നാരായണൻ, 2008 ഏപ്രിൽ 14ന് കാസർകോട് പുതിയ ബസ്റ്റാന്റിനടുത് കുത്തേറ്റ് മരിച്ച നെല്ലിക്കുന്ന് സ്വദേശി സന്ദീപ്, 2008 ഡിസംബർ 21ന് പൈവളിഗയിൽ കുത്തേറ്റ മരിച്ച അബ്ദുൾസത്താർ എന്നീ കൊലക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 

സിപിഎം പ്രവർത്തകൻ നാരയാണൻ കൊലപ്പെട്ട കേസിൽ 3 ബിജെപി പ്രവർത്തകരാണ് പ്രതികൾ. ഭൂരിഭാഗം സാക്ഷികളും കൂറുമാറിയതിനെത്തുടർന്ന് എല്ലാവരേയും വെറുതെവിട്ടു.  നെല്ലിക്കുന്ന് സ്വദേശിയായ സന്ദീപ് കൊല്ലപ്പെട്ടതിനെത്തുർന്നുണ്ടായ വർഗീയ സംഘർത്തിൽ ഒരു മാസത്തിനിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സന്ദീപ് വധക്കേസിലെ 9 പ്രതികളിൽ എട്ട് പ്രതികളെയും വെറുതെ വിട്ടു. കേസിൽ ഹാജരാകാത്ത ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും.

ഈ കേസിൽ വിസ്തരിച്ച 18 സാക്ഷികളിൽ ഭൂരിഭാഗം പേരും കൂറുമാറിയിരുന്നു. 2008 ഡിസംബറിൽ പൈവളിഗയിൽ അബ്ദുൾ സത്താർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരായിരുന്നു പ്രതികൾ. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേരെ വെറുതെവിട്ടു. വിചാരണയ്ക്ക് ഹാജരാകാത്ത പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

click me!