കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിലൂടേയും വിവിധ ആരോപണങ്ങളിലൂടേയും സിപിഎമ്മിനെ നിരന്തരം പ്രതിരോധത്തിലാക്കിയിരുന്ന കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും നീക്കാന്‍ തീരുമാനിച്ചിരുന്നു. സക്കീറിനെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചായിരുന്നു തീരുമാനം. മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാകുമ്പോഴും ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കാൻ പാര്‍ട്ടി തയ്യാറായിട്ടില്ല. സക്കീറിനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നു എന്ന് മാത്രമായിരുന്നു ജില്ല സെക്രട്ടറി സിഎന്‍ മോഹനന്‍റെ പ്രതികരണം.
അച്ചടക്കനടപടി സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈനും വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പരാതി നൽകിയത് വിവരവകാശ ഗുണ്ടയാണെന്നും സക്കീര്‍ ആരോപിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയുള്ള നടപടിക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം വേണം എന്നാണ് പാർട്ടി ചട്ടം. ഈ സാഹചര്യത്തിലാണ് സക്കീറിനെതിരെയുള്ള നടപടിയെക്കുറിച്ച് ജില്ലാ നേതൃത്വം മൗനം പാലിക്കുന്നത്. അതേ സമയം സംസ്ഥാന വ്യാപകമായി സിപിഎം നടത്തി സമരത്തില്‍ കളമശ്ശേരിയില്‍ സക്കീര്‍ ഹുസൈനും പങ്കെടുത്തിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam