വിരമിച്ചിട്ടും വിരമിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ നാടായി കേരളം

By Web TeamFirst Published Jun 17, 2020, 12:19 PM IST
Highlights

പോള്‍ ആന്‍റണി ഒഴികെ വിരമിച്ച എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും പിണറായി സര്‍ക്കാര്‍ പുതിയ പദവികൾ നല്‍കി

തിരുവനന്തപുരം: വിരമിച്ചിട്ടും വിരമിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ നാടായി കേരളം. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും കഴിഞ്ഞ മാസം പടിയിറങ്ങിയ ടോം ജോസ് മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് കെഎസ്ഐഎന്‍സി ചെയര്‍മാനായി നിയമിതനായത് കഴിഞ്ഞ ദിവസമാണ്. പോള്‍ ആന്‍റണി ഒഴിച്ചുള്ള എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും വിരമിച്ച ശേഷം പിണറായി സര്‍ക്കാര്‍  പുനനര്‍നിയമനം നല്‍കിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. റിട്ടയര്‍മെന്‍റ് കാലത്തും ജനങ്ങളുടെ നികുതിപ്പണം വാങ്ങി ജീവിക്കുകയാണ് ഭൂരിഭാഗം ഐഎഎസുകാരും.

വിവാദങ്ങളുടെ അകമ്പടിയോടെയാണ് ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. പമ്പയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയും സ്വകാര്യകമ്പനിക്ക് മണൽ മറിച്ചു വില്‍ക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ പഴങ്കഥ. ഇതിനെല്ലാം പിറകില്‍ പ്രതിപക്ഷം ഗൂഢാലോചന ആരോപിച്ചെങ്കിലും വിരമിച്ച ശേഷം പുതിയ താവളം കണ്ടെത്താന്‍ ഇതൊന്നും ടോം ജോസിന് തടസ്സമായില്ല.

ടോം ജോസിന് സര്‍ക്കാര്‍ സമ്മാനിച്ചത് ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്പറേഷന്‍റെ ചെയര്‍മാന്‍ സ്ഥാനം. തന്‍റെ മുന്‍ഗാമികളുടെ അതേ പാതയില്‍. പോള്‍ ആന്‍റണി ഒഴികെ വിരമിച്ച എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും പിണറായി സര്‍ക്കാര്‍ പുതിയ പദവികൾ നല്‍കിയെന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ചിലരുടെ പദവികള്‍ കാണുക

സിപി നായര്‍, ഷീലാ തോമസ് , നീലാ ഗംഗാധരന്‍ എന്നിവര്‍ ഭരണപരിഷ്കാര കമീഷനില്‍. കമ്മീഷൻ ഇതു വരെ നല്‍കിയ റിപ്പോർട്ടുകളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല എന്നത് വേറെ കാര്യം. കമ്മീഷൻ്റെ നടത്തിപ്പിനായി ഇതു വരെ ചെലവഴിച്ചത് 9 കോടി രൂപയും. മുൻചീഫ് സെക്രട്ടറി  കെ ജയകുമാര്‍ നിലവിൽ ഐഎംജി ഡയറക്ടറാണ്. 

കെഎം എബ്രഹാം കിഫ് ബി സിഇഒയാണ്. ചീഫ് സെക്രട്ടറി പദിവിയിലിരുന്ന്  സ്വന്തം ശമ്പളം വരെ എഴുതിവെച്ചാണ് കെഎം എബ്രഹാം കിഫ്ബിയിലെത്തിയത്. അഡീഷണല്‍ചീഫ് സെക്രട്ടറി,പ്രിന്‍സിപ്പല് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് വിരമിച്ച ശേഷം പുതിയ ലാവണം കണ്ടെത്തിയവരുടെ പട്ടികെ വേറെയുമാണ്. പി ചന്ദ്രശേഖരൻ, രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെ ഐപിഎസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പിന്നിലല്ല. 

ലഭിക്കുന്ന പദവിയുടെയും സ്ഥാപനത്തിന്‍റെയും വലിപ്പം അനുസരിച്ച് ശരാശരി മൂന്ന് ലക്ഷം രൂപ വരെ ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ട്. പുറമേ പ്രൈവറ്റ് സെക്രട്ടറി,ഡ്രൈവര്‍ ,വസതി , കാര്‍ തുടങ്ങിയ  സൗകര്യങ്ങള്‍ വേറയെും. മൊത്തം മാസം ഏഴ് ലക്ഷം രൂപയെങ്കിലും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് മുൻ ചീഫ് സെക്രട്ടറിമാർക്ക് നൽകേണ്ട അവസ്ഥയാണ്.

click me!