Latest Videos

ലൈംഗികാരോപണം നേരിട്ട വൈദികരെ പൗരോഹിത്യത്തിൽ നിന്ന് മാറ്റി തലശ്ശേരി അതിരൂപത

By Web TeamFirst Published Jun 17, 2020, 11:05 AM IST
Highlights

മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട, തെറ്റ് ഏറ്റു പറയുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് അതിരൂപത മാപ്പ് പറഞ്ഞത്

കണ്ണൂ‍ർ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ പുരോഹിതർക്കെതിരെ നടപടിയെടുത്ത് തലശ്ശേരി അതിരൂപത. ആലക്കോട് പൊട്ടൻപ്ലാവ് ഇടവക വികാരിയായിരുന്ന ഫാ ജോസഫ് പൂത്തോട്ടാൽ, ഫാ മാത്യു മുല്ലപ്പള്ളി എന്നിവരെയാണ് രൂപത പൗരോഹിത്യ വൃത്തിയിൽ നിന്നും വിലക്കിയത്. മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായതിൽ വിശ്വാസികളോട് സഭ മാപ്പ് പറഞ്ഞു.

ആലക്കോട് പൊട്ടൻപ്ലാവ് ഇടവക വികാരിയായിരുന്ന ഫാ. ജോസഫ് പൂത്തോട്ടാൽ, ഫാ മാത്യു മുല്ലപ്പള്ളി എന്നിവർ യുവതിയെ പീഡിപ്പിച്ചു എന്ന് ആരോപണം മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ടായിരുന്നു. സഭയെ കരിവാരിത്തേക്കാൻ ചിലർ ശ്രമിക്കുന്നു എന്ന വിശദീകരണമാണ് അന്നെല്ലാം തലശ്ശേരി അതിരൂപത നൽകിയത്. എന്നാൽ ഫാദർ മാത്യു മുല്ലപ്പള്ളി തെറ്റ് പറ്റിപ്പോയി എന്ന് കരഞ്ഞു പറയുന്ന ഓഡിയോ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് ഇടവക വികാരിമാർക്കെതിരെ നടപടി ഉണ്ടായത്. 

മാത്യു മുല്ലപ്പള്ളിലിനെ പൗരോഹിത്യ വൃത്തിയിൽ നിന്ന് മാറ്റി നിർത്തി. ജോസഫ് പൂത്തോട്ടാൽ ഇപ്പോൾ ഈ അതിരൂപതയ്ക്ക് കീഴിലല്ലാത്തതിനാൽ അദ്ദേഹം ഉൾപ്പെട്ട സന്യാസി സഭയോട് നടപടിയെടുക്കാൻ ശുപരാർശയും ചെയ്തു. മാതൃക കാട്ടേണ്ട പുരോഹിതർ സദാചാര ലംഘനം നടത്തിയതിൽ വിശ്വാസികളോട് മാപ്പ് ചോദിക്കുന്നതായും അതിരൂപത പുറത്ത് വിട്ട കുറിപ്പിലുണ്ട്. 

രണ്ട് വർഷം മുൻപ് ജോസഫ് പൂത്തോട്ടാൽ കാസർകോട് സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് മാത്യു മുല്ലപ്പള്ളി പൊട്ടൻപ്ലാവ് ഇടവകയിൽ വികാരിയായി എത്തിയത്. ആരോപണത്തിന് പിന്നാലെ ഇടവകയിലുള്ള ആളുകളെ അറിയിക്കാതെ രണ്ടുമാസം മാത്യു മുല്ലപ്പള്ളിയും കാസർക്കോടേക്ക് പോയി.

click me!