
തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവ് വി മുരളീധരൻ. വി വി രാജേഷിന് വേണ്ടി ഇടപെട്ടെന്ന മാധ്യമ വാർത്തകൾ തള്ളിക്കൊണ്ട് മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രംഗത്തെത്തിയത്. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നാണ് മുരളീധരന്‍റെ പക്ഷം. തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ആരുടെയും പേര് പറയുകയോ ആരെയും എതിർക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരൻ വിശദീകരിച്ചു. ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ലെന്നും അഭിപ്രായപ്പെട്ട മുരളീധരൻ, നിയുക്ത മേയർ വി വി രാജേഷിനും ഡെപ്യൂട്ടി മേയർ ആശാനാഥിനും ആശംസകളും നേർന്നു.
തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍റെ പേര് " ബ്രേക്കിങ് ന്യൂസിൽ " ഉൾപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട്....
വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി.മുരളീധരന്‍റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിന്‍റെ അങ്ങേയറ്റമാണ് ! !
തലസ്ഥാന നഗരിയിൽ ബി ജെ പി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 'ഇൻഡി സഖ്യ ഫാക്ടറിയിൽ 'നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങി എന്ന് വ്യക്തം.
മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒരു ഘട്ടത്തിലും ഞാൻ ഭാഗമായിട്ടില്ല.
ആരുടെയും പേര് നിർദേശിക്കുകയോ ആരെയെങ്കിലും എതിർക്കുകയോ ചെയ്തിട്ടില്ല.
പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാൻ മനസിലാക്കുന്നു.
'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കളെ സ്നേഹപൂർവം ഓർമിപ്പിക്കുന്നു.
അതല്ല, ഇൻഡി സഖ്യം തയാറാക്കുന്ന വ്യാജവാർത്ത നിങ്ങൾ ബോധപൂർവം കൊടുക്കുന്നതാണെങ്കിൽ , ഒന്നേ പറയാനുള്ളൂ...
ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ല !
വി വി രാജേഷിനും ആശാനാഥിനും ആശംസകൾ !
തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ചരിത്ര വിജയം നേടിയ ബി ജെ പി ഒടുവിൽ കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. പതിമൂന്ന് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കൗൺസിലറായ രാധാകൃഷ്ണൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിക്ക് കേവല ഭൂരിപക്ഷമെന്ന ആശങ്ക അകന്നത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബി ജെ പിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി. 101 സീറ്റുകളുള്ള കോർപ്പറേഷനിൽ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. മേയർ സ്ഥാനാർഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam