
കൊച്ചി: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. സർക്കാർ അനാവശ്യമായി തലയിട്ട് പ്രശ്നം വഷളാക്കുന്നുവെന്നും നെല്ല് കാണാത്ത കോഴി അരി കണ്ടപോലെയാണ് സർക്കാർ ഇടപെടലെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നിയമിച്ച ബോർഡ് എൽഡിഎഫ് കാലത്തും തുടർന്നു. യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ എൽഡിഎഫ് നിയമിച്ച ബോർഡ് ഉണ്ടായിരുന്നു. വ്യവസ്ഥാപിതമല്ലാതെ നിയമിച്ച അംഗങ്ങൾ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെയർമാൻ.
മുനമ്പം വിഷയത്തിൽ നിന്ന് പിന്നോട്ട് പോകാൻ ആകില്ല. വ്യക്തമായ പരിഹാര നിർദേശങ്ങൾ ഉണ്ട്. ഫാറൂഖ് കോളേജിനെ സംരക്ഷിക്കാൻ സർക്കാരിന് അമിത താൽപര്യമുണ്ട്. വഖഫിന്റെ കാര്യത്തിൽ ഇടപെടില്ല എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുനമ്പം വിഷയം പരിഹരിക്കാൻ യുഡിഎഫ് സർക്കാരിന് ആത്മാർത്ഥത ഇല്ല. ഉണ്ടെങ്കിൽ ചർച്ചകൾ ആണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് ആദ്യം പരാതി നൽകിയത് മുസ്ലിം ലീഗ് നേതാവായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ലീഗിന് പിന്നാലെ, ബിജെപി നേതാവ് ഷോൺ ജോർജ് ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചു. പിന്നീട് ആക്ടസിന്റെ ഹർജിയിലും ഇത് തന്നെ പറയുന്നു. ഹർജിയിലെ വാദങ്ങൾ ശരിയെന്ന് എജി നേരിട്ടു വന്ന് പറയുന്നു. നാല് ഹർജികളും വന്നത് ഒരേ ടേബിളിൽ നിന്നാണെന്നും നടന്നത് കള്ളക്കളിയാണെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും കെ.എസ്. ഹംസ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam