
മാന്നാർ: കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷത്തോളമായി രാധാകൃഷ്ണൻ നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ക്ഷേത്രത്തിന്‍റെ ഔദ്യോഗിക റിസീവർ അഡ്വ. എം ശ്രീലേഖ അന്വേഷണം നടത്തുകയും ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം ഇന്നലെ മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്ഥാനം ഒഴിയുന്നതിന്‍റെ നടപടികളുടെ ഭാഗമായി റിസീവർ നടത്തിയ കണക്കെടുപ്പിൽ തിരുവാഭരണത്തിൽ സംശയം തോന്നി. തുടർന്ന് അപ്രൈസർക്ക് മുന്നിൽ തിരുവാഭരണം പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മൂന്നു പവനോളം വരുന്ന ആഭരണങ്ങൾ മോഷണം പോയതായും പകരം ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് വെച്ചതായും മനസിലാക്കിയത്.
തുടർന്ന് മാന്നാർ പൊലീസ് ചോദ്യം ചെയ്തതോടെ മേൽശാന്തി കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു മാലയും രണ്ട് താലിയുമാണ് മോഷണം പോയത്. മാല വില്പന നടത്തിയതായും ലോക്കറ്റുകൾ പണയം വെച്ചതായും രാധാകൃഷ്ണൻ നമ്പൂതിരി പൊലീസിനോട് സമ്മതിച്ചു. ദിവസങ്ങൾക്ക് മുമ്പ് സ്വർണം പണയം വെച്ചതിന്‍റെ രസീതും ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. റിസീവറുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം മാന്നാർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു.
രാധാകൃഷ്ണൻ നമ്പൂതിരിക്കെതിരെ നേരത്തേ തന്നെ കുന്നത്തൂർ ഭക്തജന സമിതി പരാതികൾ ഉന്നയിച്ചിരുന്നു. റിസീവർ ഭരണം തുടരുന്ന ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളുടെയും വരവ് ചെലവുകളുടെയും കണക്കുകൾ സമഗ്രമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തണമെന്നും കുന്നത്തൂർ ഭക്തജന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam