
തിരുവനന്തപുരം: പൊതുഇടങ്ങളിൽ പ്രചാരണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകൾക്കെതിരെ ചെറുത്തുനിൽപുമായി രാഷ്ട്രീയ പാർട്ടികൾ. പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ യോഗം ചുമതലപ്പെടുത്തി.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രചാരണങ്ങൾക്കെതിരെ അതി ശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ച് വരുന്നത്. കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം പ്രധാനപ്പെട്ട എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം. പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്. യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് രേഖപ്പെടുത്തി. യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, എ. വിജയരാഘവന്‍ (സി.പി.ഐ(എം)), മരിയപുരം ശ്രീകുമാര്‍ (കോണ്‍ഗ്രസ്), പി. കെ. കുഞ്ഞാലിക്കുട്ടി (ഐ. യു. എം. എല്‍), ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), കെ. ആര്‍. രാജന്‍ (എന്‍. സി. പി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആര്‍. എസ്. പി - ലെനിനിസ്റ്റ്), സി. കൃഷ്ണകുമാര്‍ (ബി. ജെ. പി), വി. സുരേന്ദ്രന്‍ പിള്ള (ലോകതാന്ത്രിക് ജനതാദള്‍), പി. സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളിൽ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി പ്രധാനം.
Also Read : നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ ആര് സ്ഥാപിച്ചാലും നടപടി; കൊച്ചി കോർപ്പറേഷനോട് ഹൈക്കോടതി
Also Read : CPM സമ്മേളനം: 'ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍; ഇതോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി': ഹൈക്കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam