Asianet News MalayalamAsianet News Malayalam

CPM സമ്മേളനം: 'ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍; ഇതോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി': ഹൈക്കോടതി

 കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്.  പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. 

flex boards in roads high court slams cpm
Author
Cochin, First Published Feb 28, 2022, 3:13 PM IST

കൊച്ചി: സിപിഎമ്മിനെതിരെ (CPM)  രൂക്ഷവിമർശനവുമായി ഹൈക്കോടതി (High Court) . സിപിഎം സമ്മേളനത്തിനായി (CPM Sammelanam) ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ (Flex Boards) സ്ഥാപിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ (Justice Devan Ramachandran)  അഭിപ്രായപ്പെട്ടു. 

ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു.  ഉത്തരവുകള്‍ നടപ്പാക്കാൻ , ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു.  ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡിൽ നിറയെ ഭരണ കക്ഷിയുടെ കൊടികൾ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു. 

റോഡ് അരികിലെ ഫ്ലെക്സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉണ്ടായി. അനധികൃത ബോർഡ്‌ നീക്കാൻ ആയില്ലെങ്കിൽ എങ്ങനെ സെക്രട്ടറി ആ സ്ഥാനത്ത് ഇരിക്കും. കലൂരിൽ അടക്കം ഇപ്പോഴും നിരവധി ബോർഡുകൾ കാണാം. ഹൈക്കോടതി നോക്ക്‌ കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വർഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമർശിച്ചു. 

നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ മറുപടി നൽകി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ പറഞ്ഞു. 

റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നൽകി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷനോടും നിര്‍ദേശിച്ചു. ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിയെന്ന് കോടതി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി പറഞ്ഞു. സമ്മേളന ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്‍റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 
 

Follow Us:
Download App:
  • android
  • ios