ലോക്ഡൗൺ പിന്‍വലിച്ച തിരുവനന്തപുരത്ത് ഇന്ന് മുതൽ മാളുകളടക്കം തുറക്കും, മലപ്പുറത്ത് ഇന്ന് സർവ്വകക്ഷിയോഗം

By Web TeamFirst Published Aug 15, 2020, 7:01 AM IST
Highlights

തിരുവനന്തപുരത്ത് കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. എന്നാൽ നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല.

തിരുവനന്തപുരം: ലോക്ഡൗൺ പിൻവലിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ മാളുകളടക്കം തുറക്കും. കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. എന്നാൽ നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. എല്ലാ കടകൾക്കും മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം. ഹോട്ടലുകൾക്ക് രാത്രി 9 വരെയാണ് പ്രവർത്തനാനുമതി. എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുളളൂ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കായികപരിശീലനങ്ങൾ തുടങ്ങാനും അനുമതി നൽകി. കഴിഞ്ഞ മാസം 6 മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും കൊവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല.

മലപ്പുറത്ത്  സർവകക്ഷി യോഗം

കൊവിഡ് വ്യാപനം വദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ മലപ്പുറത്ത് ജില്ലാ ഭരണകൂടം സർവകക്ഷി യോഗം വിളിച്ചു. വൈകിട്ട് നാലു മണിക്ക് ഓൺലൈനായാണ് യോഗം വിളിച്ചിട്ടുള്ളത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ജില്ലാ ഭരണകൂടം സർവകക്ഷി യോഗം വിളിച്ചിട്ടുള്ളത്.

click me!