മരട് കേസ് ; ഫ്ലാറ്റ് നിര്‍മ്മാതാവ് ഉള്‍പ്പടെ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു

By Web TeamFirst Published Oct 16, 2019, 3:54 PM IST
Highlights

ഫ്ലാറ്റ് നിർമാതാവ് സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, പി ഇ ജോസഫ് എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍ഡ് ചെയ്തത്. 
 

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്നുപേരെയും മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫ്ലാറ്റ് നിർമാതാവ് സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, പി ഇ ജോസഫ് എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍ഡ് ചെയ്തത്. 

തീരദേശ പരിപാലന നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും രണ്ടും മൂന്നും പ്രതികളായ മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിന് അനുമതി നല്‍കുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലാറ്റ് നിർമാതാവുമായി രണ്ടും മൂന്നും പ്രതികൾ ഗൂഢാലോചന നടത്തി ഒത്താശ ചെയ്തു. നിലം എന്ന് രേഖകളിലുള്ള സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകി. കേസിലെ വിലപ്പെട്ട പഞ്ചായത്ത് രേഖകൾ പ്രതികൾ നശിപ്പിച്ചു. രണ്ടും മൂന്നും പ്രതികൾ കൃത്യനിർവഹണത്തിൽ ബോധപൂർവ്വം ഗുരുതര വീഴ്ച വരുത്തിയെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. 

Read Also: മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും, ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി മരവിപ്പിച്ചു

മൂന്നു പേരെയും മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്‍തത്. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും. പി ഇ ജോസഫിന്റെ ജാമ്യാപേക്ഷയും 19 ന് പരിഗണിക്കും. അഴിമതി നിരോധന നിയമപ്രകാരമാണ് മൂവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

Read Also: മരട് ഫ്ലാറ്റ് കേസ്; ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

click me!