ടിഒ സൂരജിനെതിരെ വീണ്ടും അഴിമതിക്കേസ്; ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകി

Published : Oct 16, 2019, 03:52 PM ISTUpdated : Oct 16, 2019, 08:11 PM IST
ടിഒ സൂരജിനെതിരെ വീണ്ടും അഴിമതിക്കേസ്; ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകി

Synopsis

സൂരജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ 35 കോടിയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ വീണ്ടും അഴിമതിക്കേസ്. 2012-13 കാലഘട്ടത്തിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയെന്നാണ് കേസ്. സൂരജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.

കേസിൽ 35 കോടി രൂപയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്. സൂരജിനെ കൂടാതെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയർ പി കെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിംഗ് ഡയറക്ടർ പി ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, അണ്ടർ സെക്രട്ടറി എസ് മാലതി, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥൻ വാസു,കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയും എഫ്ആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. 45 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ സൂരജടക്കമുള്ളവർ കഴിഞ്ഞ ദിവസം നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, പ്രതികളിലൊരാളായ കിറ്റ്കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Read More:പാലാരിവട്ടം മേൽപ്പാലം അഴിമതി; ടി ഒ സൂരജിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും

അതേസമയം, പാലാരിവട്ടം അഴിമതിക്കേസിൽ ആരോപണവിധേയനായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് വിജിലൻസ് മുറുക്കുകയാണ്. ഇബ്രാഹിംകുഞ്ഞിനെതിരായ നടപടികൾ ആലോചിക്കാൻ വിജിലൻസ് സംഘം കോട്ടയം വിജിലൻസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നു. അന്വേഷണ വിവരങ്ങൾ ചോരുന്നെന്ന ആക്ഷേപത്തെ തുടർന്ന് പുതിയ അന്വേഷണ സംഘമാണ് യോഗം ചേര്‍ന്നത്. വിദേശത്തുള്ള ഇബ്രാഹിംകുഞ്ഞ് തിരിച്ചെത്തിയാൽ എന്ത് നടപടിയിലേക്ക് കടക്കണമെന്ന കാര്യത്തിൽ യോഗം തീരുമാനമെടുത്തെന്നാണ് വിവരം. ഉംറ ചടങ്ങുകൾ നിർവഹിക്കാൻ സൗദിയിൽ പോയ ഇബ്രാഹിംകുഞ്ഞ് നാളെയാണ് കൊച്ചിയിൽ മടങ്ങിയെത്തുക.

Read More:പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുക്കി വിജിലൻസ്

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്