കാനറ ബാങ്കിൽ തുടങ്ങി സർവകലാശാല വിസി വരെ; കൊച്ചിക്കൊപ്പം വളർന്ന, ജീവിച്ച ഡോ കെആർ വിശ്വംഭരൻ

By Web TeamFirst Published Sep 17, 2021, 1:23 PM IST
Highlights

ലോ കോളേജിൽ നടൻ മമ്മൂട്ടിയുടെ സമകാലികനായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം മരണം വരെയും ഇരുവർക്കുമിടയിൽ ശക്തമായിരുന്നു

കൊച്ചി: കെആർ വിശ്വംഭരൻ എന്ന റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥന്റെ വിടവ് കൊച്ചിക്കാർക്ക് ഉടനൊന്നും നികത്താനാവുന്നതല്ല. എറണാകുളത്തിന്റെ സാംസ്കാരിക - സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊച്ചിക്കാരുടെ ദൈനംദിന ജീവിതത്തിൽ മാറ്റിനിർത്താനാവാത്ത മുഖമായി മാറിയിരുന്നു.

മഹാരാജാസ് കോളേജ് പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാനായും മഹാരാജാസ്  പൂവ്വ വിദ്യാർത്ഥി സംഘടനയുടെ   പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാജകീയം പൂവ്വ വിദ്യർത്ഥി സംഗമം കെ.ആർ വിശ്വഭംരന്‍റെ സംഘാടന മികവിന്‍റെ ഉദാഹരണങ്ങളിൽ ഒന്നുമാത്രം. 

മാവേലിക്കര കുന്നം സ്വദേശിയായ കെ. ആര്‍. വിശ്വംഭരന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി അരനൂറ്റാണ്ട് മുൻപാണ് കൊച്ചിയിലെത്തിയത്. മാവേലിക്കര ബിഷപ്പ്മൂർ കോളജിൽ ബിരുദ പഠനത്തിന് ശേഷമായിരുന്നു ഇത്. എറണാകുളം മഹാരാജാസിലും ലോ കോളജിലുമായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. ലോ കോളേജിൽ നടൻ മമ്മൂട്ടിയുടെ സമകാലികനായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം മരണം വരെയും ഇരുവർക്കുമിടയിൽ ശക്തമായിരുന്നു.

ജസ്റ്റിസ് വിആർ കൃഷ്ണയ്യർ മൂവ്മെന്റിന്റെ മുൻനിരക്കാരിൽ ഒരാളായി ദീർഘകാലമായി ഡോ കെആർ വിശ്വംഭരൻ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി ക്യാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ യാഥാർത്ഥ്യമായതിന് പിന്നിൽ വിശ്വംഭരനടക്കം നടത്തിയ ഇടപെടലുകൾ ചെറുതല്ല.

കാനറാ ബാങ്കിൽ ഓഫിസറായാണ് ഡോ കെആർ വിശ്വംഭരൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈ ജോലി രാജിവെച്ച് സംസ്ഥാന സർക്കാർ സർവീസിലേക്ക് കടന്നു. ഫോർട്ട് കൊച്ചി തഹസിൽദാരായായിരുന്നു തുടക്കം. തുടർന്ന് പ്രോട്ടോക്കോൾ ഓഫീസർ, ഫോർട്ട്കൊച്ചി ആർഡിഒ, എറണാകുളം ജില്ലാ കലക്ടർ, ആലപ്പുഴ ജില്ലാ കലക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, ടെൽക് മാനേജിങ് ഡയറക്ടർ, റബർമാർക്ക് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. പിന്നീട് കാർഷിക സർവകലാശാല വൈസ് ചാൻസലറായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

പിൽക്കാലത്ത് എറണാകുളത്ത് അഭിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ ഔഷധി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. സ്വരലയ ഉൾപ്പടെയുള്ള സംഘടനകളുടെ അധ്യക്ഷനായിരുന്നു. രാജ്യാന്തര പുസ്തകോത്സവ സമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

പൊതു പ്രശ്നങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന അദ്ദേഹം എറണാകുളം ജില്ല കണ്ട എക്കാലത്തെയും  മികച്ച ജനകീയനായ കളക്ടർ  എന്ന ഖ്യാതിയും നേടി. കോളേജ് വിദ്യാർത്ഥിയായിരിക്കെ തുടങ്ങിയ  കാലാ സാംസ്കാരിക മേഖലയോടുള്ള തന്‍റെ ഇഴയടുപ്പം ജീവിതത്തിന്റെ സായംകാലംവരെയും അദ്ദേഹം സൂക്ഷിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നാളെ നടക്കും. ഭാര്യ: കോമളം (എസ്ബിഐ റിട്ടയേർഡ് ഉദ്യോഗസ്ഥ), മക്കൾ: അഭിരാമൻ, അഖില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!