സിപിഎമ്മിന്റെ വർഗീയ വിശകലനം: ആത്മാർത്ഥതയില്ലെന്ന് കുമ്മനം, ആദ്യം പറഞ്ഞത് ബിജെപിയെന്ന് അബ്ദുള്ളക്കുട്ടി

By Web TeamFirst Published Sep 17, 2021, 12:05 PM IST
Highlights

തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎമ്മാണെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു

തിരുവനന്തപുരം: സിപിഎമ്മിന്റെ വർഗീയ വിശകലനം ചർച്ചയാക്കി ബിജെപി നേതാക്കൾ. സിപിഎം നിലപാടിന് ആത്മാർത്ഥതയില്ലെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തിയപ്പോൾ, കേരളം ദേശവിരുദ്ധ ശക്തികളുടെ താവളമാകുന്നുവെന്ന് ആദ്യം പറഞ്ഞത് ബിജെപിയാണെന്ന് എപി അബ്ദുള്ളക്കുട്ടിയും പറഞ്ഞു. ബിജെപി നിലപാടിനെ അന്ന് ഇടതുപക്ഷം കൊഞ്ഞനംകുത്തിയെന്നും അദ്ദേഹം വിമർശിച്ചു.

ഈ വിഷയം പോസിറ്റീവായി ചർച്ച ചെയ്യുന്നതിന് പകരം മോശം നിലപാടാണ് പലരും സ്വീകരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി വിമർശിച്ചു. 10 വർഷം കൊണ്ട് കേരളം ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞപ്പോൾ ആരും മിണ്ടാഞ്ഞതെന്തേ? തീവ്രവാദത്തെ എതിർക്കുമ്പോൾ മുസ്ലിംങ്ങൾക്കെതിരാക്കി മാറ്റുന്നത് മുസ്ലിം സമുദായത്തിന് തന്നെ എതിരാണെന്നും അദ്ദേഹം പറഞ്ഞു. 

Read More: തീവ്രവാദത്തിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവ ശ്രമം, പ്രൊഫഷണൽ ക്യാമ്പസുകൾ വേദികളാകുന്നുവെന്നും സിപിഎം

തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎമ്മാണെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. ജനവികാരം മനസിലാക്കിയുള്ള നിലപാടാണ് സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അത് വോട്ട് തട്ടാനുള്ള ശ്രമമാണെന്നും ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിനെ വിളിച്ച് സംസാരിക്കാൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന വിമർശനവും കുമ്മനം ഉന്നയിച്ചു.

തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന സി പി എം നിലപാടാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും  ശ്രമം നടക്കുന്നും സിപിഎം സമ്മേളനങ്ങൾക്കുള്ള ഉദ്ഘാടന കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഈ വിഷയം വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കുറിപ്പിൽ നിർദ്ദേശമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!