'മൃതദേഹം പുഴുവരിച്ചു, ശ്രദ്ധയില്‍പ്പെട്ടത് സംസ്‍കാരത്തിന് എത്തിച്ചപ്പോള്‍',കളമശ്ശേരി മെഡി. കോളേജിനെതിരെ ആരോപണം

By Web TeamFirst Published Sep 18, 2021, 2:10 PM IST
Highlights

14 ന് മരണം നടന്നെന്ന് അധികൃതർ മകനെ അറിയിച്ചു. എന്നാൽ അച്ഛൻ മരിച്ചത് ദിവസങ്ങളോളം അധികൃതർ മറച്ചുവെച്ചെന്ന സംശയം മകൻ അനിൽകുമാർ ഉന്നയിക്കുന്നു. 

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്‍റെ മൃതദേഹം പുഴുവരിച്ച നിലയിലെന്ന പരാതിയുമായി മക്കൾ. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്‍റെ മകനാണ് ആശുപത്രിയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. എന്നാൽ ആരോപണം കളമശ്ശേരി മെഡിക്കൽ കോള്ജ് അധികൃതർ നിഷേധിച്ചു.

കൊവിഡ് ബാധിതനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85 കാരനായ കുഞ്ഞുമോൻ കഴിഞ്ഞ 14 നാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തിൽ സംസ്കാരത്തിന് കൊണ്ടുവന്നപ്പോഴാണ് പുഴുക്കളെ കണ്ടതെന്ന് മകൻ പറയുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്കാരം നടത്തുകയായിരുന്നു.

ഓഗസ്റ്റ് 29 ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് 
അമ്പലമുകൾ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്റ്റംബർ ആറിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 14 ന് മരണം നടന്നെന്ന് അധികൃതർ മകനെ അറിയിച്ചു. എന്നാൽ അച്ഛൻ മരിച്ചത് ദിവസങ്ങളോളം അധികൃതർ മറച്ചുവെച്ചെന്ന സംശയം മകൻ അനിൽകുമാർ ഉന്നയിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുള്ളത്. എന്നാൽ ഇത്തരം വീഴ്ച കളമശ്ശേരിയിൽ ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!