കോടികളുടെ വരുമാന നഷ്ടമുണ്ടാകും; താരിഫ് നയത്തില്‍ ആശങ്കയുമായി കെഎസ്ഇബി

By Web TeamFirst Published Sep 18, 2021, 1:47 PM IST
Highlights

ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സബ്സിഡിയായി നല്‍കുന്നത്. ഇത് നിലയ്ക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും. 

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് നയത്തില്‍ ആശങ്കയുമായി കെഎസ്ഇബി രംഗത്ത്. നയത്തിലെ പല വ്യവസ്ഥയും നടപ്പിലായാല്‍ കെഎസ്ഇബിക്ക് 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകും. വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും റഗുലേറ്ററി കമ്മീഷന്‍ സിറ്റിംഗില്‍  ആവശ്യപ്പെട്ടു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കരട് താരിഫ് നയവും അനുബന്ധ വ്യവസ്ഥയുമാണ് വിവാദമായിരിക്കുന്നത്. വിതരണ ശൃംഖലയില്‍ സ്വകാര്യ കമ്പനികള്‍ക്കടക്കം അനുമതി നല്‍കാമെന്നും കെഎസ്ഇബിക്കും സ്വകാര്യ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്നുമാണ് പ്രധാന വ്യവസ്ഥ.

ഇതോടെ വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ കയ്യൊഴിയുമെന്നും കോടികളുടെ നഷ്ടമുണ്ടാകുമെന്നും റഗുലേറ്ററി കമ്മീഷന്‍ സിറ്റിംഗില്‍ കെഎസ്ഇബി ചൂണ്ടിക്കാട്ടി. അധികമുള്ള വൈദ്യുതി പവര്‍ എക്സചേഞ്ച് റേറ്റില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് നല്‍കാനും താരിഫ് നയത്തില്‍ വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സബ്സിഡിയായി നല്‍കുന്നത്. ഇത് നിലയ്ക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും. വൈദ്യുതി ബോര്‍ഡിന് പുറമേ ജീവനക്കാരുടെ വിവിധ സംഘടനകളും താരിഫ് നയത്തിലെ ആശങ്ക റഗുലേറ്ററി കമ്മീഷന്‍ സിറ്റിംഗില്‍ ഉന്നയിച്ചു.

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി പാര്‍ലമെന്‍റില്‍ ഇനിയും അവതരിപ്പിച്ചിട്ടില്ല. അതിന് മുമ്പേയാണ് അതിലെ പ്രധാന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ താരിഫ് നയം തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യവത്കരണത്തിന് അനുകൂലമായ വിവാദ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ റഗുലേറ്ററി കമ്മീഷന്‍ തയ്യാറാകുമോയെന്ന് കെഎസ്ഈബിയും ഉപഭോക്താക്കളും ഉറ്റുനോക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!