സിംസ്: സ്വകാര്യ കൺട്രോൾ റൂം നടത്തിപ്പ് സംശയത്തിന്റെ നിഴലിൽ, മുഖ്യമന്ത്രിയുടെ വാദവും പൊളിയുന്നു

By Web TeamFirst Published Feb 13, 2020, 9:50 AM IST
Highlights

എസ്‌പി മാരുടെ നിർദ്ദേശ പ്രകാരമാണ് കൺട്രോൾ റൂമിന്റെ ഭാഗമാകാൻ പല സ്ഥാപനങ്ങളും തീരുമാനിച്ചത്. എന്നാൽ അപ്പോഴേക്കും സ്വകാര്യ സ്ഥാപനവും കൺട്രോൾ റൂമിന്റെ ചുമതല ഒഴിഞ്ഞിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കൺട്രോൾ റൂം വഴി സ്ഥാപനങ്ങൾക്ക് മേൽ മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്താനുള്ള സിംസ് പദ്ധതി സംശയത്തിന്റെ നിഴലിൽ. പൊലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം ലംഘിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമായി. കെൽട്രോണിനുണ്ടായിരുന്ന നിരീക്ഷണ ചുമതല അവർ സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയതും പദ്ധതിയിലേക്ക് സ്ഥാപനങ്ങളെ സഹകരിപ്പിക്കാൻ പൊലീസ് തന്നെ രംഗത്തിറങ്ങിയതുമാണ് കാരണം. സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ സഭയിൽ നടത്തിയ വാദങ്ങളും ഇതോടെ പൊളിഞ്ഞു.

പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കൺട്രോൾ റൂം തുറക്കാനായിരുന്നു തീരുമാനം. ഇവിടെ കെൽട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെൽട്രോണിന് നൽകണം. ഇതിന്റെ ഒരു വിഹിതം പൊലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. കെൽട്രോൺ തന്നെ ഈ ബാങ്കുകളിലും വീടുകളിലും ക്യാമറ സ്ഥാപിക്കുമെന്നായിരുന്നു തീരുമാനം.

എന്നാൽ കെൽട്രോൺ കരാർ തെറ്റിച്ചു. ഗ്ലാക്സോൺ എന്ന സ്വകാര്യ സ്ഥാപനത്തെ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ച കെൽട്രോൺ, നിരീക്ഷണത്തിന് സ്വന്തം ജീവനക്കാരനെ നിയോഗിക്കാനും തയ്യാറായില്ല.ഇതോടെ പൊലീസുകാർ തന്നെ നിരീക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ബാങ്കുകളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ എസ്‌പി മാർ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി. സർക്കാരിന് ഒരു ബാധ്യതയുമില്ലാതെ നടപ്പാക്കണമെന്ന് നിർദ്ദേശിക്കപ്പെട്ട പദ്ധതിയുടെ കാര്യത്തിലാണ് ഈ ദുരവസ്ഥ.

പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ സഭയിൽ പിടി തോമസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയിരുന്നു. സിംസ് പദ്ധതി മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചിലവഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഒരു സ്ഥലത്ത് നാല് ക്യാമറകളും സെൻസറും സ്ഥാപിക്കുന്നതിന് 80000 രൂപയായിരുന്നു നിരക്ക്. കെൽട്രോൺ തന്നെയാണ് ഇത് സ്ഥാപിക്കേണ്ടത്. എന്നാൽ ഇതിന്റെ സോഫ്റ്റ്‌വെയർ വികസിപ്പിച്ചതും ക്യാമറകൾ ഘടിപ്പിച്ചതും കെൽട്രോണിൽ നിന്ന് ഉപകരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ്. സ്ഥാപനങ്ങൾ നൽകുന്ന പണത്തിൽ നിന്ന് 13 ശതമാനം പൊലീസിനും 87 ശതമാനം കെൽട്രോണിനും എന്നായിരുന്നു വ്യവസ്ഥ. തുടക്കത്തിൽ തന്നെ ഉന്നത  ഉദ്യോഗസ്ഥർ ഈ പദ്ധതിയെ എതിർത്തിരുന്നു. പൊലീസിന്റേത് സൗജന്യ സേവനമാണെന്നായിരുന്നു ഇവരുടെ വാദം. ഫലത്തിൽ സിംസ് പദ്ധതി നേരായ വഴിക്കല്ല മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് മോഷണശ്രമം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നതായിരുന്നു സിംസ് പദ്ധതി. സ്വകാര്യ സ്ഥാപനം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിച്ചത്. നിരീക്ഷണത്തിനിടെ മോഷണ നീക്കം കാണുകയാണെങ്കിൽ അക്കാര്യം ഉടൻ പൊലീസിനെ അറിയിക്കണം. പൊലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കുറ്റം ചെയ്യുന്നവരെ പിടികൂടണം എന്നതായിരുന്നു ലക്ഷ്യം.

click me!