ചെന്നിത്തല പറയുന്നത് പച്ചക്കള്ളം, സർവ്വകലാശാല തീരുമാനങ്ങൾ വിസിയോട് ചോദിക്കണമെന്ന് ജലീൽ

By Web TeamFirst Published Oct 14, 2019, 2:02 PM IST
Highlights

അന്തിമമായ തീരുമാനങ്ങളുണ്ടാവുന്നത് അദാലത്തിലല്ല സിന്‍ഡിക്കേറ്റുകളിലാണ്. അതുകൊണ്ട് വിസിയോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. കേരള സര്‍വ്വകലാശാലയുമായും എംജി സര്‍വ്വകലാശാലയുമായും ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല.  ഇതാദ്യമായല്ല പ്രതിപക്ഷ നേതാവ് തനിക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍ അത് തള്ളുകയും മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ പി സദാശിവം ആരോപണം നിരര്‍ത്ഥകമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. മലയാളം സര്‍വ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി  ബന്ധപ്പെട്ട് വലിയ അഴിമതി നടന്നെന്നായിരുന്നു പിന്നീട് ചെന്നിത്തലയുടെ കണ്ടെത്തല്‍. സുപീംകോടതിയുടെ അനുവാദത്തോടെയാണ് ഇപ്പോള്‍ മലയാളം സര്‍വ്വകലാശാലയ്ക്ക് ഉള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് ഇത്തരമൊരു ആക്ഷേപവുമായി ചെന്നിത്തല വരുന്നത്. 

വിവാദപരമായ, ചട്ടവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ ഏതെങ്കിലും സര്‍വ്വകലാശാല ചെയ്താല്‍ അതിനെതിരെ കോടതിയില്‍ പോകുന്നത് പതിവാണ്. കോടതി സ്റ്റേ ചെയ്യുകയോ തിരുത്താന്‍ പറയുകയോ ചെയ്യാറുണ്ട്. ഈ വിഷയത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. പ്രൈവറ്റ് സെക്രട്ടറി മാത്രമല്ല, ഹയര്‍ എജ്യുക്കേഷന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എംജി സര്‍വ്വകലാശാലയിലെ അദാലത്തില്‍ പങ്കെടുത്തിരുന്നു. അന്തിമമായ തീരുമാനങ്ങളുണ്ടാവുന്നത് അദാലത്തിലല്ല സിന്‍ഡിക്കേറ്റുകളിലാണ്. അതുകൊണ്ട് വിസിയോടാണ് കാര്യങ്ങള്‍ ചോയിക്കേണ്ടത്.

കേരള സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് മാര്‍ക്ക് ദാനമെന്നാണ്. അര്‍ഹതപ്പെട്ട കുട്ടിക്ക് ന്യായമായും അവകാശപ്പെട്ടതാണ് നല്‍കിയത്. അര്‍ഹതപ്പെട്ട ഒരാള്‍ക്കും ഒന്നും ഈ സര്‍ക്കാര്‍ നിഷേധിക്കില്ല. അതിന്‍റെ പേരില്‍ എത്ര വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചാലും അതൊരു പ്രശ്നമായിട്ട് കാണുന്നില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.കേരള ടെക്നോളിജിക്കല്‍ സര്‍വ്വകലാശാലയില്‍ മൂന്നാമത്ത തവണയും വാല്യുവേഷന്‍ നടത്തി ഒരു കുട്ടിയെ വിജയിപ്പിച്ച കാര്യവും പ്രതിക്ഷ നേതാവ് പറഞ്ഞിരന്നു. കൊല്ലത്തുകാരനായ ശ്രീഹരി 91 ശതമാനം മാര്‍‌ക്കോട് കൂടിയാണ് പാസായത്. അഞ്ചാം റാങ്കാണ് നേടിയത്. അദാലത്തില്‍ കുട്ടി വന്നത് ഉത്തരക്കടലാസിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായിട്ടാണ്. വിഷയത്തില്‍ ബന്ധപ്പെട്ട അധ്യാപകര്‍ പറഞ്ഞത് ആ കുട്ടിക്ക് ജയിക്കാനുള്ള മാര്‍ക്ക് ഇതില്‍ കിട്ടുമെന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് അതേക്കുറിച്ച് ആലോചിക്കാന്‍ വിസിയോട് പറഞ്ഞത്. 
 

click me!