
തിരുവനന്തപുരം: പത്തുവർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരൻ ആദര്‍ശിന്‍റെ മൃതദേഹം പുറത്തെടുക്കുന്നു. മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡോക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മൃതദേഹം ക്രൈം ബ്രാഞ്ച് വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുകയും ഡിഎൻഎ പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ വ്യക്തമാക്കി. ആദർശിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം.
പാലുവാങ്ങാനായി പുറത്തേക്കു പോയ ആദർശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കാവൂർ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിൽ പാങ്ങോട് പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ആദർശിന്‍റെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടർന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് ക്രൈംബ്രാഞ്ച് കേസെറ്റെടുത്തത്.
Read More:കൂടത്തായി മോഡലിൽ ഭരതന്നൂരിൽ മറ്റൊരു മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്
ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധിപ്പേരെ പൊലീസ് ചോദ്യം ചെയ്തു. രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. പക്ഷെ 10 വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം ഫോറൻസിക് വിദഗ്ധർക്ക് കൈമാറുകയും നിരവധി പ്രാവശ്യം ചർച്ച നടത്തുകയും ചെയ്തു.
പോസ്റ്റുമോർട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതേ തുടർന്നാണ് ആദർശിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ തീരുമാനിച്ചത്. ആദർശിന്റേത് മുങ്ങിമരണമാണോ കൊലപാതകമാണോയെന്ന് ചുരുളഴിക്കാൻ പുതിയ പരിശോധനയിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘവും ബന്ധുക്കളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam