
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫ എന്ന യുവതിയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആരോപണം. അഫീഫക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നു എന്ന് വനജ കലക്ടീവ് എന്ന എന്‍ജിഒ മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതന്വേഷിക്കാന്‍ ജീവനക്കാര്‍ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ എത്തിയപ്പോള്‍ അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് കുടുംബം വാഹനത്തില്‍ കൊണ്ടു പോയെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ അഫീഫയെ തടഞ്ഞു വെച്ചു എന്നാരോപിച്ച് പങ്കാളിയിയിരുന്ന സുമയ്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ്ഹര്‍ജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു. അഫീഫയുടെ അഭിപ്രായപ്രകാരം വീട്ടുകാര്‍ക്കൊപ്പം പോകാനായിരുന്നു കോടതി വിധി.
രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും മജിസ്ട്രേറ്റ് കോടതി അതിന് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, തന്‍റെ ലെസ്ബിയൻ പങ്കാളി അഫീഫയെ, കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി സുമയ്യ രംഗത്തെത്തുകയും. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ഷെറിനും അഫീഫയും തമ്മിൽ രണ്ട് വർഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ അഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി. പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam