
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്.
2015-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി, കോളേജ് സ്ഥാപിക്കാമെന്ന വാഗ്ദാനം നൽകി പതിനായിരത്തിലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്തത്. 1,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിക്കുകയോ, പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു. എത്രയും വേഗം കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ നേരത്തെ തന്നെപ്പെടുത്തിയിരുന്നതായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജോസഫ് തോമസ് പറഞ്ഞു. പണം പിരിക്കാൻ കാണിച്ച ആവേശം കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ ഭാരവാഹികൾ കാണിച്ചില്ലെന്നും ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കുന്നു. കോളേജ് നിർമ്മാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam