'അബാദ് പ്ലാസയിൽ ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും ഉണ്ടായിരുന്നെന്ന് ..', സുനിയുടെ കത്ത്

Published : Jun 21, 2022, 12:38 PM ISTUpdated : Jun 21, 2022, 03:26 PM IST
'അബാദ് പ്ലാസയിൽ ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും ഉണ്ടായിരുന്നെന്ന് ..', സുനിയുടെ കത്ത്

Synopsis

ജയിലിലിരുന്ന് പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് സിദ്ദിഖിന്‍റെ പങ്കിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് സിദ്ദിഖിന്‍റെ പങ്കിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയപ്പോൾ സിദ്ദിഖും മറ്റാരെല്ലാം ഉണ്ടായിരുന്നുവെന്ന് താനാരോടും പറഞ്ഞിട്ടില്ല എന്നാണ് പൾസർ സുനിയുടേതെന്ന് പറയപ്പെടുന്ന കത്തിൽ പറയുന്നത്. 

കത്തിലെ പരാമർശങ്ങളിങ്ങനെ:

''ചേട്ടന് ഈ കത്ത് എഴുതുന്നത് ചേട്ടന്‍റെ സഹായം ആവശ്യപ്പെട്ടിട്ടല്ല. പല തരത്തിലും ഉള്ള വിഷമങ്ങൾ ഇപ്പോഴും ഉള്ളത് കൊണ്ട് ഇനി ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ എനിക്ക് സംഭവിക്കാതിരിക്കാനാണ് - എന്ന് പ്രത്യേകം ഓർമിപ്പിക്കാനാണ്. അമ്മ എന്ന സംഘടന ചേട്ടൻ എന്ത് ചെയ്താലും കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഓടി നടന്നത്? അമ്മയിലെ പലർക്കും അറിയാത്ത കാര്യങ്ങൾ ചേട്ടൻ വളരെ വിദഗ്ധമായി അവരുടെ കണ്ണിൽ പൊടിയിട്ടത് കൊണ്ടല്ലേ?

അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധം ഉണ്ടെന്നും ചേട്ടൻ പുറത്ത് പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണെന്നും, പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും പുറത്ത് വന്നാൽ എന്ന കാര്യവും എന്നെ ജീവിക്കാൻ അനുവദിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഒന്ന് കൂടി ഓർത്താൽ നന്നായിരിക്കും. 

എന്നെ സഹായിക്കാവാനാണെങ്കിൽ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആകാമായിരുന്നില്ലേ! ചേട്ടന്‍റെ കാശ് ഞങ്ങൾക്ക് വേണ്ട. മാർട്ടിൻ പറഞ്ഞത് പോലെ ഞാൻ പറയില്ല. അനൂപ് ബാബുസാറിനെ കണ്ടതും ബാബുസാറ് മാർട്ടിനോട് മഞ്ജുവിനെയും എസ് ശ്രീകുമാറിനെയും ഈ കേസ്സിലേക്ക് ഏതെങ്കിലും തരത്തിൽ കോടതിയിൽ വിളിച്ച് പറഞ്ഞ് ഉൾപ്പെടുത്താൻ പറഞ്ഞതും മാർട്ടിൻ കോടതിയിൽ എഴുതി കൊടുത്തതും ഞാൻ അറിഞ്ഞു. മാർട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയിൽ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ?

ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി എല്ലാം നേടി പവറും പദവിയും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കേണ്ടതായിരുന്നു.

എല്ലാവരെയും ചേട്ടൻ വിലയ്ക്ക് വാങ്ങിച്ച് കഴിഞ്ഞു. പ്രതികളും സാക്ഷികളും ചേട്ടനെതിരെ വാദിക്കുന്ന വക്കീലിനെയും ഇനി വക്കീൽ ചേട്ടനെ കോടതിയിൽ വാഴ്ത്തപ്പെട്ടവനായി ചിത്രീകരിക്കുകയും കോടതി വെറുതെ വിടുകയും ചെയ്യുമായിരിക്കും. പക്ഷേ സത്യം അറിയുന്നവർ എന്നും മൂടി വയ്ക്കും എന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് ഓർക്കണം''

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി ജിംസിന്‍റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്‍റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ  കൈയ്യക്ഷരത്തിന്‍റ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നതാണ്. 

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്‍റെ ഉള്ളടക്കം. ഇതിൽ സിദ്ദിഖിന്‍റെ പങ്കിനെക്കുറിച്ച് പറയുന്ന പേജാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്‍റെ പകർപ്പിന്‍റെ പൂർണരൂപം പുറത്ത് വിട്ടിരുന്നു. 2018 മെയ്‌ 7 നായിരുന്നു സുനി ജയിലിൽ നിന്ന് കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്‍റെ അഭിഭാഷകൻ ജിംസിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞു  തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

ഇന്നലെയാണ് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

Read More: 'ദിലീപിന് ഒരബദ്ധം പറ്റി..', അഭിമുഖത്തിൽ അങ്ങനെ പറ‌ഞ്ഞതെന്തിന്? സിദ്ദിഖിനെ ചോദ്യം ചെയ്തു

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്