എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് വാർത്തയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് വാർത്തയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുള്ളതായി ഇപ്പോഴും കരുതുന്നുവെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. പിന്മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.
തള്ളിപ്പറയിലെന്ന് വെള്ളാപ്പള്ളി
ഐക്യത്തിൽ നിന്ന് പിന്മാറിയതിന്‍റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ തള്ളിപ്പറയാനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നില്ലെന്നും സുകുമാരൻ നായർ നിഷ്കളങ്കനാണ്, ഹിന്ദു ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്നും വെള്ളപ്പള്ളി പ്രതികരിച്ചു.
കെണിയിൽ വീഴേണ്ടെന്ന് തീരുമാനം
വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളപ്പള്ളി ഫോണിൽ സംസാരിച്ചതെന്നാണ് സുകുമാരൻ നായർ പറയുന്നത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. തുഷാറിനെ തിരിച്ച് വിളിച്ചു താങ്കൾ എന്‍ഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. നിങ്ങൾക്ക് എങ്ങനെ ഐക്യ ചർച്ചയ്ക്ക് സാധ്യമാകും എന്ന് തുഷാറിനോട് ചോദിച്ചു. ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഡയറക്ടർ ബോർഡ് വേഗം വിളിച്ചു ചേർത്ത് ഞാൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണക്കുകയായിരുന്നു. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



