ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല

By Web TeamFirst Published Oct 13, 2021, 7:01 AM IST
Highlights

പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലട്ട് പ്രഖ്യാപിക്കും. 2

ഇടുക്കി: മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് (Idukii dam) തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് (KSEB) . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് (Blue Alert) പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. ഇതിന് ഒരടിയിൽ താഴെ ജലനിരപ്പ് ഉയർന്നാൽ മതി. 2397.86 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. എന്നാൽ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്. 

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷൻറെ കണക്കു കൂട്ടൽ. അതിനാൽ പരമാവധി സംഭരണ ശേഷിയിലെത്തുന്നതു വരെ തുറക്കേണ്ടെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടിൽ സംഭരിക്കാനാകും. പരമാവധി സംഭരണ ശേഷിയിൽ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂൾ കർവിലെത്തിച്ചാൽ മതി. വൈദ്യുതി ഉൽപ്പാദിപ്പിച്ചോ ഷട്ടർ തുറന്നു വിട്ടോ ഇത് ക്രമീകരിക്കാം. വൈദ്യുതി ക്ഷാമം നേരിടുന്ന സമയത്ത് ജലക്കമ്മീഷൻറെ ഈ നിർദ്ദേശം കെഎസ്ഇബിക്കും ആശ്വാസമായിട്ടുണ്ട്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം വർദ്ധിപ്പിച്ച് ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാൽ കനത്ത മഴയുണ്ടായില്ലെങ്കിൽ ജലനരിപ്പ് പരമാവധിയിലെത്താൻ ദിവസങ്ങൾ വേണ്ടി വന്നേക്കും. ഇന്നലെ മുതൽ മഴ കുറഞ്ഞതും ആശ്വാസത്തിനു വക നൽകുന്നുണ്ട്. 

Read Also: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരും, 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

click me!