
കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) (V M Kutty) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ഖബറടക്കം വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. മാപ്പിള പാട്ടിനെ ജനകീയമാക്കിയതും പൊതുവേദികളിലെത്തിച്ചതും വി എം കുട്ടിയായിരുന്നു. യേശുദാസ് അടക്കമുള്ള ഗായകരെ മാപ്പിളപ്പാട്ട് ഗാനമേഖലയിലെത്തിച്ചതും വി എം കുട്ടിയായിരുന്നു. 60 വർഷത്തോളം അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തെ നിറസാന്നിധ്യമായി.
ഫറോക്ക് ഹൈസ്കൂളിലെ സാഹിത്യസമാജത്തിൽ മോയിൻകുട്ടി വൈദ്യരുടെ ഇശലുകൾ മൂളിയാണ് വിഎം കുട്ടി എന്ന വടക്കേങ്ങര മുഹമ്മദ് കുട്ടി പാട്ടുകാരനാവുന്നത്. പഠനം പൂർത്തിയാക്കി സ്കൂൾ അധ്യാപകനായെങ്കിലും വിഎം കുട്ടി പാട്ട് കൈവിട്ടില്ല. അതേ വരെ
കല്യാണവീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിന് വിഎം കുട്ടിയുടെ വരവ് ഉണർവ്വേകി. 1957ൽ കുട്ടീസ് ഓർക്കസ്ട്രയുണ്ടാക്കി. മാപ്പിളപ്പാട്ടിന് പൊതുവേദികളിൽ ഇടം കിട്ടി. മലയാളിയുടെ ഗൾഫ് കുടിയേറ്റം തുടങ്ങിയ കാലം കൂടിയായിരുന്നു അന്ന്. സിനിമാതാരങ്ങളേക്കാളും താല്പര്യത്തോടെ ഗൾഫുകാർ നാട്ടിൽ നിന്ന് ക്ഷണിച്ച് കൊണ്ട് വന്നിരുന്നത് വി എം കുട്ടിയും സഹഗായകരായ വിളയിൽ ഫസീലയെയുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി വേദികളിലും ആകാശവാണിയിലും വിഎം കുട്ടിയും സംഘവും പാടി. യേശുദാസിനെ സംകൃതപമഗിരി പാടിച്ച് ജനത്തെ അത്ഭുതപ്പെടുത്തി. യേശുദാസ് മാത്രമല്ല ജയചന്ദ്രനും മാർക്കോസുമൊക്കെ വി എം കുട്ടിയുടെ സംഗീതസംവിധാനത്തിൽ പാടി. 1921ഉം മൈലാഞ്ചിയുമടക്കം ഹിറ്റ് സിനിമകൾക്കും ഗാനങ്ങളൊരുക്കി.
ആയിരക്കണക്കിന് പാട്ടുകളാണ് വി എം കുട്ടി പാടിയതും ഒരുക്കിയതും. മാപ്പിളപ്പാട്ടിലെ ആദ്യ സൂപ്പർ താരമായിരുന്നു വിഎം കുട്ടി. ഒരു മതവിഭാഗം സ്വകാര്യചടങ്ങകളിൽ മാത്രം പാടിയരുന്ന പാട്ടുകളെ പൊതുവേദിയിലെത്തിച്ചതും എല്ലാവർക്കും സ്വീകാര്യമാക്കിയതും വിഎം കുട്ടിയായിരുന്നു. മാപ്പിളപ്പാട്ട് മാത്രമല്ല കുറത്തിപ്പാട്ടുകളുംം കുമ്മിപ്പാട്ടുകളുമൊക്കെ വേദികളിൽ പാടി അദ്ദേഹം നാടിന്റെ പാട്ടുകാരനായി. 60 വർഷത്തിലേറെ മാപ്പിളപ്പാട്ട് പ്രേമികളുടെ ചുണ്ടത്ത് കുട്ടിയുടെ പാട്ടുകളുണ്ടായിരുന്നു. മാപ്പിളപ്പാട്ടിലെ സുൽത്താനെന്നാണ് കുട്ടിയെ സംഗീതപ്രേമികൾ വിശേഷിപ്പിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam