Latest Videos

Suicide : മോഫിയയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുൻപ്  ഉത്ര വധക്കേസിൽ വീഴ്‌ച വരുത്തിയ സിഐ സുധീർ

By Web TeamFirst Published Nov 23, 2021, 2:54 PM IST
Highlights

ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥൻ. രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 

കൊച്ചി: ആലുവയിൽ (aluva ) ഗാർഹികപീഡനത്തെത്തുടർന്ന് ആത്മഹത്യ (suicide) ചെയ്ത യുവതി മോഫിയയുടെ (Mofiya Parween) ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ (ci sudheer) നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥൻ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 

കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തി. ആരോപണം ഉയർന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച്  ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്. 

ഇതിന് മുമ്പ് അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചൽ സി ഐ യായിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ.  .

'പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ', മരിക്കുന്നതിന് മുൻപ് മോഫിയ എഴുതി

'സിഐയ്ക്ക് എതിരെ നടപടി എടുക്കണം' ആത്മഹത്യാക്കുറിപ്പിൽ മോഫിയ എഴുതിയത്...

ആലുവയിൽ ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. 

എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു മോഫിയ. മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.

ഇന്നലെയാണ് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ തന്നോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും സിഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. 'സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്. 

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയതിന് പിന്നാലെ ആലുവയിൽ യുവതി തൂങ്ങി മരിച്ചു

click me!