അമ്പലമുക്ക് വിനിത കൊലക്കേസ്: 85ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

Published : May 09, 2022, 08:44 PM IST
അമ്പലമുക്ക് വിനിത കൊലക്കേസ്: 85ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

Synopsis

ഭർത്താവിന്റെ മരണ ശേഷം രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും അച്ഛനെയും അമ്മയെയും സംരക്ഷിക്കാനാണ് വിനിത ചെടിയകടയിൽ ജോലി ചെയ്തിരുന്നത്. 750 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 158 തെളിവുകളും 118 സാക്ഷിമൊഴികളും സമർപ്പിച്ചു

തിരുവനന്തപുരം:അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിനിതയുടെ  സ്വർണ മാലമോഷ്ടിക്കാനാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85-മത്തെ ദിവസമാണ് പേരൂർക്കട പൊലീസ് കുറ്റപത്രം നൽകിയത്. കൊടുംക്രമിനലായ പ്രതി രാജേന്ദ്രൻ ഇപ്പോഴും ജയിലിലാണ്.

കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു ഞായറാഴ്ചയാണ് ജോലി സ്ഥലത്തെത്തിയ വിനിതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനിതയെ കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ച പ്രതി രാജേന്ദ്രൻ, അതേ കടയിൽ 15 മിനിറ്റ് കാത്തിരുന്നു. ഇതിനു ശേഷം മുട്ടട വഴി രക്ഷപ്പെടുന്നതിനിടെ രക്തക്കറ പുരണ്ട ഷർട്ട് ഒരു കുളത്തിൽ ഉപേക്ഷിച്ചു. കത്തി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചായക്കടയിലാണ് ഒളിപ്പിച്ചത്. ഒരു തുമ്പും ലഭിക്കാത്ത കേസിൽ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് നിർണായകമായത്. 

തലയിൽ സ്കാർഫ് കെട്ടി മാസ്ക് ധരിച്ച് ഒരാള്‍ ഓട്ടോയിൽ പോകുന്ന ദൃശ്യത്തിൽ നിന്നാണ് പ്രതിയിലേക്കുള്ള അന്വേഷണം തുടങ്ങിയത്. സംശയിക്കുന്ന വ്യക്തി ഒരു ബൈക്കിലും ഓട്ടോയിലും കയറി പേരൂർക്കടയിൽ എത്തിയെന്ന് കണ്ടെത്തി. പേരൂർക്കടയിലെ ഒരു ചായക്കട തൊഴിലാളി കൈയിലേറ്റ മുറിവിന്റെ ചികിത്സക്കായി ആശുപത്രിയിലെത്തിയെന്ന് പൊലീസ് കണ്ടെത്തി. ചായക്കട ജീവനക്കാരനായ രാജേന്ദ്രൻ നാട്ടിലേക്ക് പോയെന്ന് കടയുമട പറഞ്ഞതോടെ സംശയം ബലപ്പെട്ടു. 

കൊലപാതകം നടന്ന് നാലാം ദിവസം തമിഴ്നാട് അഞ്ചുകിണറെന്ന സ്ഥലത്തെ ലോഡ്ജിൽ നിന്നും രാജേന്ദ്രനെ പൊലീസ് കസ്റ്റഡിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് രാജേന്ദ്രൻ കുറ്റസമ്മതം നടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊടും കുറ്റവാളിയാണ് അറസ്റ്റിലായതെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയ കൊടും ക്രിമനലാണ് വിനിതയെയും കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞ കേരള പൊലീസും ഞെട്ടി.

സ്വർണമാല വിറ്റ സ്ഥലം പ്രതിയിൽ നിന്നും മനസിലാക്കാൻ പൊലീസിന് നന്നേ പണിപ്പെടേണ്ടിവന്നു. പരസ്പര വിരുദ്ധ കാര്യങ്ങള്‍ പറഞ്ഞ് രാജേന്ദ്രൻ പൊലീസിനെ കുഴപ്പിച്ചു. പക്ഷെ വിശദമായ ചോദ്യം ചെയ്യലിലൂടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും സ്വർ‍ണമാലയും ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി.  സ്വർണമാല വിറ്റ പണം ബിറ്റ്കോയിനിൽ നിക്ഷേപിക്കുകയായിരുന്നു. ഭർത്താവിന്റെ മരണ ശേഷം രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും അച്ഛനെയും അമ്മയെയും സംരക്ഷിക്കാനാണ് വിനിത ചെടിയകടയിൽ ജോലി ചെയ്തിരുന്നത്. 750 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 158 തെളിവുകളും 118 സാക്ഷിമൊഴികളും സമർപ്പിച്ചു. പേരൂ‍ർക്കട എസ് എച്ച് ഒയായിരുന്ന സജികുമാറാണ് കേസില്‍ അന്വേഷണം നടത്തിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു