അമ്പലപ്പുഴ പാല്‍പ്പായസം ഗോപാലകഷായമാക്കി: എകെജിയുടെ സ്മരണ നിലനിര്‍ത്താനെന്ന് എം എം ഹസ്സന്‍

By Web TeamFirst Published Nov 4, 2019, 5:50 PM IST
Highlights
  • അമ്പലപ്പുഴ പാല്‍പ്പായത്തിന് ഗോപാലകഷായമെന്ന് നാമകരണം ചെയ്തത് സിപിഎം നേതാവായിരുന്ന എകെജിയുടെ സ്മരണ നിലനിര്‍ത്താനെന്ന് എം എം ഹസ്സന്‍. 
  • എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്ന് ഹസ്സന്‍ പരിഹസിച്ചു.

അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായമെന്ന് നാമകരണം ചെയ്തത് സിപിഎം നേതാവായിരുന്ന  എ കെ ഗോപാലന്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റ് എം എം ഹസ്സൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്കാരമാണിത്.

 'മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്പായസത്തിന് ചവർപ്പുള്ള കഷായത്തിന്റെ പേര് ചേർത്ത് ഗോപാല കാഷായമെന്ന്  പേര് ഇടുന്നത് ചരിത്ര താളുകളിൽ നിന്ന് കണ്ടെത്തിയതാണെന്ന് പദ്മകുമാർ അവകാശപ്പെടുന്നു. എന്നാല്‍ ഇത്രയും നാൾ ഈ പേര് മാറ്റത്തിന് കാത്തിരുന്നതിന്റെ കാരണം എന്തെന്ന്  മനസിലാകുന്നില്ല. ഗോപാല കഷായം എന്ന പേരിട്ട്  എ കെ ജിയുടെ സ്മരണ ഉണർത്തുന്ന പദ്മകുമാർ ഒരു കാര്യം കൂടി പടി ഇറങ്ങും മുൻപ് ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടിൽ  ശബരിമലയിൽ "നവോത്ഥാനം" നടപ്പിലാക്കിയ വിപ്ലവകാരി" എന്ന് എഴുതി വയ്ക്കണം'- ഹസ്സന്‍ പറഞ്ഞു.

അങ്ങനെയാണെങ്കില്‍ പദ്മകുമാറിന്റെ കാലഘട്ടത്തിൽ എ കെ ജിക്കും പിണറായിക്കും ശബരിമലയിൽ രണ്ടു സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപെടുത്താമെന്നും എം എം ഹസ്സൻ പരിഹസിച്ചു. അതേസമയം പേരുമാറ്റത്തെ കവി ശ്രീകുമാരൻ തമ്പിയും അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാറും ശക്തമായി എതിർത്തു.  

click me!