ശമ്പളവും ഇല്ല കുടിശികയും ഇല്ല: ഹോമിയോ ഡിസ്പെൻസറികളിലെ താൽകാലിക ജീവനക്കാര്‍ ദുരിതത്തിൽ

By Web TeamFirst Published Nov 4, 2019, 5:42 PM IST
Highlights

മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഒരു വിഭാഗം ഹോമിയോ ജീവനക്കാർ. സംസ്ഥാനത്തെ പട്ടികജാതി കോളനി മേഖലകളിൽ പ്രവർത്തിക്കുന്ന ഹോമിയോ ‍ഡിസ്പന്‍സറികളിലെ താൽക്കാലിക ജീവനക്കാർക്കാണ് ഈ ദുരവസ്ഥ. 

കൊച്ചി: മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഒരു വിഭാഗം ഹോമിയോ ജീവനക്കാർ. സംസ്ഥാനത്തെ പട്ടികജാതി കോളനി മേഖലകളിൽ പ്രവർത്തിക്കുന്ന ഹോമിയോ ‍ഡിസ്പന്‍സറികളിലെ താൽക്കാലിക ജീവനക്കാർക്കാണ് ഈ ദുരവസ്ഥ. 

കോളനിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 29  ‍ഡിസ്പൻസറികളാണ് സംസ്ഥാന സർക്കാർ തുടങ്ങിയത്. ഓരോ ഡിസ്പൻസറികളിലും നാല് വീതം ജീവനക്കാരാണുള്ളത്. മൊത്തം 116  പേർ ഇങ്ങനെ ജോലി ചെയ്യുന്നു. എന്നാൽ രണ്ട് മാസമായി ശമ്പളം കിട്ടാത്തവർ മുതൽ മുപ്പത് മാസം വരെയായിട്ടും ശമ്പളം കിട്ടാത്തവർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്.. ജോലിയിൽ നിന്നും പിരിഞ്ഞ് പോയവരുടെ ശമ്പള കുടിശ്ശികയും ബാക്കിയാണ്.

സ്ഥിരമല്ലാത്ത നിയമനം നടത്തുന്നതാണ് ഈ അവസ്ഥക്ക് കാരണമെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു. അടിമ ജോലിക്ക് സമാനമായ സാഹചര്യത്തിലാണ് ഈ ജീവനക്കാർ ജോലി ചെയ്യുന്നത്. ശമ്പള കുടിശിക ഇനത്തിൽ നാല് കോടി എഴുപതു ലക്ഷത്തോളം രൂപയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടാതെ ശമ്പളം വിതരണം ചെയ്യാനാവില്ലെന്നാണ് വിവരാവകാശ ചോദ്യത്തിന് അധികൃതരുടെ മറുപടി.  

click me!