200 രൂപയ്ക്ക് ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

Published : Jul 12, 2023, 05:31 PM IST
200 രൂപയ്ക്ക് ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

Synopsis

പരാതിയിൽ പറയുന്ന കാര്യങ്ങൾ ആംബുലൻസ് ഡ്രൈവർ ആന്‍റണി നിഷേധിച്ചു. പണം മുൻകൂറായി നൽകിയാലേ ആംബുലൻസ് എടുക്കൂവെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ പണം മുൻകൂറായി നൽകാത്തതിൽ ഡ്രൈവർ ആംബുലൻസ് എടുക്കാൻ തയ്യാറായില്ലെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നാണ് കുറ്റപ്പെടുത്തൽ. ആംബുലൻസ് ഡ്രൈവർ അര മണിക്കൂർ രോഗിയെ ജനറൽ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആംബുലൻസ് ഡ്രൈവറോട് വിശദീകരണം തേടിയെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

മരിച്ച അസ്മയുടെ കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ ആംബുലൻസ് ഡ്രൈവർ ആന്‍റണി നിഷേധിച്ചിരുന്നു. ഡ്രൈവർക്കെതിരെ അസ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. 200 രൂപയുടെ കുറവിലാണ് അരമണിക്കൂറോളം ആംബുലൻസ് എടുക്കാതെ വൈകിപ്പിച്ചത്. ചിറ്റാട്ടുകര സ്വദേശി അസ്മയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചതിന് ശേഷമാണ് ഈ ഗുരുതര കൃത്യവിലോപം നടന്നത്. ആംബുലൻസ് ഫീസായി 900 രൂപ ഡ്രൈവർ ആന്‍റണി ആവശ്യപ്പെട്ടെന്നും 700രൂപ നൽകിയപ്പോഴും ബാക്കിയുള്ള 200രൂപ കൂടി കിട്ടാതെ ഡ്രൈവർ വണ്ടിയെടുക്കില്ലെന്ന് നിർബന്ധം പിടിച്ചുവെന്നാണ് അസ്മയുടെ മക്കളുടെ പരാതി. സമയം വൈകി ജനറൽ ആശുപത്രിയിൽ എത്തിച്ചയുടൻ അസ്മ മരിച്ചു.

പരാതിയിൽ പറയുന്ന കാര്യങ്ങൾ ആംബുലൻസ് ഡ്രൈവർ ആന്‍റണി നിഷേധിച്ചു. പണം മുൻകൂറായി നൽകിയാലേ ആംബുലൻസ് എടുക്കൂവെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ച അസ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്നാണ് ആന്‍റണിയുടെ വാദം. എന്നാൽ ഡ്രൈവർ ആന്‍റണിയുടെ വാദങ്ങൾ തള്ളി അസ്മയുടെ മകൾ രംഗത്തെത്തി.

ഡ്രൈവർ ആന്‍റണിക്കെതിരെ പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ ജീവനക്കാരനായിരുന്ന ആന്‍റണി വിരമിച്ച ശേഷം ഡ്രൈവറായി താത്കാലിക അടിസ്ഥാനത്തിൽ ജോലിയിൽ തുടരുകയായിരുന്നു. നിലവിൽ 108 ആംബുലൻസാണ് സൗജന്യം. ഇന്നലെ 108 ആംബുലൻസ് പുറത്തായിരുന്നു. ഹോസ്‌പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയുടെ ആംബുലൻസിന് വാടക വാങ്ങുന്നുണ്ട്. ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തിയ ശേഷം പലരും പണം നൽകാതെ പോകാറുണ്ടെന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. ഇന്നലത്തെ സംഭവത്തിന് ശേഷം ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ