മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വി എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് എ സുരേഷ്. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന് സമ്മതിച്ച അദ്ദേഹം, പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തതിലുള്ള നിരാശയും പങ്കുവെച്ചു.

പാലക്കാട്: മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വി എസ് അച്യുതാനന്ദന്‍റെ പേഴ്സനൽ അസിസ്റ്റന്‍റായിരുന്ന എ സുരേഷ്. കോൺഗ്രസ് നേതാക്കളുമായി പല വിഷയങ്ങളിലും ചർച്ച നടത്തി. മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു മറുപടിയും നൽകിയിട്ടില്ല.മത്സരിക്കുന്ന കാര്യം പെട്ടെന്ന് തീരുമാനിക്കാൻ കഴിയില്ല. തന്നോട് അടുപ്പമുള്ളവരുമായി ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. 12 വർഷമായിട്ടും എന്ത് കൊണ്ടാണ് തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തത് എന്നത് സംബന്ധിച്ച് അറിവില്ലെന്നും എ സുരേഷിന്റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

പല തവണ അഭ്യർത്ഥിച്ചിട്ടും അംഗത്വം തിരികെ ലഭിച്ചില്ല. പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നുവെന്നും മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്രയും കാലം കാത്തിരുന്നതെന്നും സുരേഷ് നേരത്തെ പറഞ്ഞിരുന്നു. പുറത്താക്കപ്പെട്ട കാലയളവിൽ ഒരുപാട് തിക്താനുഭവങ്ങളുണ്ടായി. കുറച്ചു കാലം ഗൾഫിൽ ജോലി തേടിയിറങ്ങിയപ്പോഴും മലയാളികൾ ഉൾപ്പെട്ട കമ്പനികൾ ജോലി തരാൻ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാതിരിക്കാൻ മാത്രം താൻ ചെയ്ത തെറ്റെന്താണെന്ന് സുരേഷ് ചോദിച്ചിരുന്നു.