
മഞ്ചേരി: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നാട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മഞ്ചേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചതിനാലാണ് മൃതദേഹം കാറില്‍ കയറ്റിവിട്ടതെന്നും ആംബുലന്‍സില്‍ എത്തിക്കാന്‍ സഹായം ലഭിച്ചില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ മഞ്ചേരി പറയുന്നു.
മാര്‍ച്ച് 14നാണ് കര്‍ണാടക സ്വദേശിനിയായ ചന്ദ്രകലയെ ക്യാന്‍സര്‍ ബാധിച്ച് അത്യാസന്ന നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തതെന്ന് നൗഫല്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. പിറ്റേദിവസം രോഗി മരിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ മഹാരാഷ്ട്രയില്‍ നിന്ന് വാഹനം വരുന്നുണ്ടെന്ന് അവരുടെ ബന്ധുക്കള്‍ അറിയിച്ചു. വാഹനം വരുന്നത് വരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുള്ള സൗകര്യം താന്‍ മുന്നിട്ട് ചെയ്ത് കൊടുത്തു.
മാര്‍ച്ച് 16ന് മൃതദേഹം കൊണ്ടുപോകുകയാണെന്ന് അവര്‍ അറിയിച്ചു. അന്വേഷിച്ചപ്പോഴാണ് അവര്‍ കൊണ്ടുവന്ന വാഹനം കാര്‍ ആണെന്ന് മനസ്സിലായത്. മൃതദേഹം അങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലെന്നും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ബന്ധുക്കളോട് പറഞ്ഞെങ്കിലും അവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ വേണ്ട ചെലവ് 60,000 രൂപയാണെങ്കിലും അവര്‍ 15,000 രൂപ നല്കിയാല്‍ മതിയെന്നും അവരോട് പറഞ്ഞുനോക്കി. പക്ഷേ, കാറില്‍ തന്നെ കൊണ്ടുപോകണമെന്ന് അവര്‍ വാശി പിടിച്ചു. മൃതദേഹം ഇരുത്തി സംസ്‌കരിക്കുന്നതാണ് തങ്ങളുടെ നാട്ടിലെ രീതിയെന്നും അതുകൊണ്ട് കാറില്‍ കൊണ്ടുപോകുന്നതാണ് സൗകര്യമെന്ന് അവര്‍ പറഞ്ഞെന്നും നൗഫല്‍ പറഞ്ഞിട്ടുണ്ട്.
ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാഞ്ഞതിനെത്തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയെന്ന വാര്‍ത്ത വിവാദമായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുക്കയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ അതല്ലെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ആംബുലന്‍സ് ഡ്രൈവറഉടെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam