ഒല്ലൂക്കരയിലെ 150, 151, 155, 163 തുടങ്ങിയ ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടി നീക്കാൻ ബിജെപി അപേക്ഷ സമർപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.

തൃശൂ‍ർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തൃശൂരിൽ ബിജെപി വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണവുമായി കോൺഗ്രസ്. തൃശൂർ അസംബ്ലിയിലെ നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ ബിജെപി നീക്കം നടത്തിയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ആരോപിച്ചു. ജീവിച്ചിരിക്കുന്നവർ വരെ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ നിന്നും നീക്കാനായി ബിജെപി അപേക്ഷ കൊടുത്തിരിക്കുകയാണ്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കായി വ്യാജരേഖ ഉണ്ടാക്കി വോട്ടുചേർത്തത് പോലെയാണിതെന്നും കോൺഗ്രസ് അനുഭാവികളായവരുടെ വോട്ടുകൾ ആണ് ഇങ്ങനെ നീക്കംചെയ്യാൻ ശ്രമിക്കുന്നതെന്നും ടാജറ്റ് ആരോപിച്ചു.

ഒല്ലൂക്കരയിലെ 150, 151, 155, 163 തുടങ്ങിയ ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടി നീക്കാൻ ബിജെപി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. 166 ആം നമ്പർ ബൂത്ത് ബിഎൽഒ തേജസിന്‍റെ മകനെപ്പോലും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ഫോം നമ്പർ സെവൻ ബിജെപി സമർപ്പിച്ചു. ജീവിച്ചിരിക്കുന്നവരെ മരിച്ചു എന്ന് കാണിച്ചും അപേക്ഷ കൊടുത്തു. കരുതിക്കൂട്ടിയുള്ള നീക്കത്തിന്‍റെ ഭാഗമാണിത്. കൂട്ടത്തോടെ വോട്ടർമാരെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യാജ അപേക്ഷ സമർപ്പിച്ച ബിജെപി നേതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടറും തയ്യാറാകണമെന്നും ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.