
തൃശ്ശൂര്‍: ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുരോഗമന കലാ സാഹിത്യ സംഘം എം.എൻ വിജയൻ സ്മൃതിയാത്ര സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ എടവിലങ് ചന്തയിൽ നിന്നായിരുന്നു സ്മൃതിയാത്രയുടെ ആരംഭം. നേരത്ത എം.എൻ വിജയന്‍റെ വീട്ടിൽ നിന്നാരംഭിക്കാനുള്ള തീരുമാനം മകൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെയും വിജയൻ സഹയാത്രികരുടെയും എതിർപ്പിനെത്തുടർന്ന് എടവിലങ്ങിൽ നിന്നാക്കുകയായിരുന്നു. സ്മൃതി യാത്ര അഡ്വ വി.ഡി. പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു . കവി ഡോ.സി. രാവുണ്ണി ജാഥാ ക്യാപ്റ്റൻ ടി. എ. ഇക്ബാലിന് പതാക കൈമാറി.
എം.എന്‍. വിജയന്‍ സ്മൃതിയാത്ര നടത്തുന്നതിനെതിരെ നേരത്തെ അദ്ദേഹത്തിന്‍റെ മകനും എഴുത്തുക്കാരനുമായ വി.എസ്. അനില്‍കുമാര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിമര്‍ശനത്തിനിടെയും സ്മൃതിയാത്രയുമായി പുരോഗമന കലാ സാഹിത്യ സംഘം മുന്നോട്ടുപോവുകയായിരുന്നു. പതിനാറ് വർഷം മുൻപ് മാറ്റി നിര്‍ത്തപ്പെട്ട പ്രൊഫ.എം.എൻ വിജയനെ പു.ക.സ വീണ്ടും ഉപയോഗിക്കുന്നത് ഏതൊക്കെയോ വേവലാതികളിൽപ്പെട്ട് ഉഴലുന്ന പ്രസ്ഥാനത്തിന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നായിരുന്നു വി.എസ് അനിൽകുമാറിന്‍റെ വിമര്‍ശനം. പു.ക.സ തൃശൂർ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി പ്രൊഫ.എം.എൻ വിജയൻ്റെ കൊടുങ്ങല്ലൂരിലുള്ള വസതിയിൽ നിന്നും സ്മൃതി യാത്ര ആരംഭിക്കാൻ തീരുമാനിച്ചത് നേതൃത്വത്തിൻ്റെ അറിവോടെയല്ലെന്ന വാദം വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ള സമൂഹത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പു.ക.സ യ്ക്ക് പഴയ കാര്യങ്ങൾ മറക്കാൻ കഴിഞ്ഞാലും തങ്ങൾക്ക് മറക്കാനാകില്ല. എം. എൻ വിജയന്‍റെ വിഷയത്തിൽ തെറ്റ് പറ്റിയെന്ന് നേതൃത്വത്തിന് തോന്നുന്നുണ്ടെങ്കിൽ അത് തുറന്നു പറയാൻ പു.ക.സ നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിരുദ്ധൻ, നികൃഷ്ടൻ, നീചൻ എന്നൊക്കെ പറഞ്ഞ്, പുരയ്ക്ക് ചാഞ്ഞ മരം എന്ന് വിശേഷിപ്പിച്ച് പുസ്തകമിറക്കിയെന്നും ഇപ്പോൾ എം.എൻ.വിജയൻ പു.ക.സയ്ക്ക് സ്വീകാര്യനായതിൽ അത്ഭുതം തോന്നുന്നുവെന്നും അനിൽകുമാർ പറഞ്ഞിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ എംഎൻ വിജയൻ സ്മൃതി യാത്രയുടെ വേദി മാറ്റിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ എടവിലങ്ങ് ചന്തയില്‍നിന്നും സ്മൃതിയാത്ര സംഘടിപ്പിച്ചത്.
പു.ക.സയുടെ എം എൻ വിജയൻ സ്മൃതിയാത്ര; തെറ്റ് പറ്റിയാല്‍ തുറന്നുപറയാനുള്ള ആര്‍ജവം കാണിക്കണം- വിഎസ് അനില്‍കുമാര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam