പു.ക.സയുടെ എം എൻ വിജയൻ സ്മൃതിയാത്ര; തെറ്റ് പറ്റിയാല്‍ തുറന്നുപറയാനുള്ള ആര്‍ജവം കാണിക്കണം- വിഎസ് അനില്‍കുമാര്‍
പു.ക.സ തൃശൂർ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി പ്രൊഫ.എം.എൻ വിജയൻ്റെ കൊടുങ്ങല്ലൂരിലുള്ള വസതിയിൽ നിന്നും സ്മൃതി യാത്ര ആരംഭിക്കാൻ തീരുമാനിച്ചത് നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്ന വാദം വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ള സമൂഹത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

തൃശ്ശൂര്‍:പതിനാറ് വർഷം മുൻപ് മാറ്റി നിര്‍ത്തപ്പെട്ട പ്രൊഫ.എം.എൻ വിജയനെ പു.ക.സ വീണ്ടും ഉപയോഗിക്കുന്നത് ഏതൊക്കെയോ വേവലാതികളിൽപ്പെട്ട് ഉഴലുന്ന പ്രസ്ഥാനത്തിന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് പ്രൊഫ.എം.എൻ വിജയന്‍റെ മകനും എഴുത്തുക്കാരനുമായ വി.എസ് അനിൽകുമാർ കൊടുങ്ങല്ലൂരിൽ അഭിപ്രായപ്പെട്ടു. പു.ക.സ തൃശൂർ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി പ്രൊഫ.എം.എൻ വിജയൻ്റെ കൊടുങ്ങല്ലൂരിലുള്ള വസതിയിൽ നിന്നും സ്മൃതി യാത്ര ആരംഭിക്കാൻ തീരുമാനിച്ചത് നേതൃത്വത്തിൻ്റെ അറിവോടെയല്ലെന്ന വാദം വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ള സമൂഹത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പു.ക.സ യ്ക്ക് പഴയ കാര്യങ്ങൾ മറക്കാൻ കഴിഞ്ഞാലും തങ്ങൾക്ക് മറക്കാനാകില്ലെന്നും വി.എസ് അനിൽകുമാർ പറഞ്ഞു.
എം. എൻ വിജയൻ്റെ വിഷയത്തിൽ തെറ്റ് പറ്റിയെന്ന് നേതൃത്വത്തിന് തോന്നുന്നുണ്ടെങ്കിൽ അത് തുറന്നു പറയാൻ പു.ക.സ നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘത്തിനെതിരെ കഴിഞ്ഞ ദിവസവും രൂക്ഷവിമർശനവുമായി വിഎസ് അനിൽകുമാർ രംഗത്തെത്തിയിരുന്നു. പുകസയുടെ എംഎൻ വിജയൻ സ്മൃതിയാത്ര ധാർമ്മികതയില്ലാത്തത് എന്നായിരുന്നു അനിൽകുമാറിന്റെ വിമർശനം. പാർട്ടിയും പു.ക.സയും എം. എൻ. വിജയനെ പരമാവധി തേജോവധം ചെയ്തുവെന്നും അനിൽകുമാർ പറഞ്ഞു.
പാർട്ടി വിരുദ്ധൻ, നികൃഷ്ടൻ, നീചൻ എന്നൊക്കെ പറഞ്ഞ്, പുരയ്ക്ക് ചാഞ്ഞ മരം എന്ന് വിശേഷിപ്പിച്ച് പുസ്തകമിറക്കിയെന്നും ഇപ്പോൾ എം.എൻ.വിജയൻ പു.ക.സയ്ക്ക് സ്വീകാര്യനായതിൽ അത്ഭുതം തോന്നുന്നുവെന്നും അനിൽകുമാർ പറഞ്ഞു. 16 വർഷം എന്തുകൊണ്ട് എം. എൻ. വിജയനെ സ്മരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പു.ക.സയ്ക്കും സിപിഎമ്മിനും എതിർവാദങ്ങളെ സഹിക്കാനുളള ത്രാണിയില്ല.
വീട്ടിൽ നടക്കുന്നു എന്നാണ് ആദ്യം പറഞ്ഞത്.ഞങ്ങളോട് അനുവാദം ചോദിക്കേണ്ട മര്യാദ പോലും കാട്ടിയില്ലെന്നും വി.എസ്.അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എംഎൻ വിജയൻ സ്മൃതി യാത്രയുടെ വേദി മാറ്റിയിരുന്നു. എടവിലങ്ങ് ചന്തയിൽ നിന്നായിരിക്കും 17-ാം തീയ്യതി എംഎൻ വിജയൻ സ്മൃതി യാത്ര തുടങ്ങുക. എംഎൻ വിജയന്റെ വീട്ടിൽ നിന്നുമായിരിക്കും യാത്ര തുടങ്ങുകയെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അനില്‍കുമാര്‍
വിമര്‍ശനം ഉന്നയിച്ചതോടെയാണ് വേദി മാറ്റിയത്.