
പട്ന: നി മോ (നിതീഷ് മോദ) സുനാമി ആഞ്ഞടിച്ച ബിഹാറില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍. ദില്ലിയില്‍ അമിത് ഷായുമായി ജെ ഡി യു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭ പ്രാതിനിധ്യത്തില്‍ ഏകദേശ ധാരണയായി. ജെ ഡി യുവിന് 14 വരെ മന്ത്രിമാരുണ്ടാകും. ബി ജെ പിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാര്‍. ചിരാഗ് പാസ്വാന്‍റെ എല്‍ ജെ പിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. നാളെ പട്നനയില്‍ 202 എന്‍ ഡി എ എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ അധികാരം പങ്കിടൽ ധാരണകളൊന്നും ബി ജെ പി - ജെ ഡി യു ചർച്ചകളിൽ ഉണ്ടായിട്ടില്ല.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടന്നേക്കുമെന്നാണ് വിവരം. ആര്‍ ജെ ഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ആകെ സീറ്റായ 243 ന്‍റെ 10ശതമാനം സീറ്റ് നേടിയാലേ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃപദവി ലഭിക്കൂ. ആര്‍ ജെ ഡി ക്ക് 25 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതാവില്ലാതാകുമായിരുന്ന അവസ്ഥയില്‍ നിന്ന് ബിഹാര്‍ രക്ഷപ്പെട്ടു.
അതിനിടെ എസ് ഐ ആറിന് പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ബിഹാറിൽ 3 ലക്ഷം അധിക വോട്ടര്‍മാരുണ്ടായതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. പത്രിക സമര്‍പ്പണത്തിന് 10 ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു എന്നാണ് വിശദീകരണം. അന്തിമപട്ടികയില്‍ ആദ്യമുണ്ടായിരുന്നത് 7.42 ലക്ഷം വോട്ടര്‍മാരായിരുന്നു. നവംബര്‍ 12 ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 7.45 കോടിയായി ഉയര്‍ന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അട്ടിമറി സംശയത്തിന് ആധാരം. എസ് ഐ ആറിനെതിരെ വലിയ പ്രതിഷേധമുയർത്തിയിരുന്ന പ്രതിപക്ഷ പ്രാർട്ടികൾ എസ് ഐ ആറിന് പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ബിഹാറിൽ 3 ലക്ഷം അധിക വോട്ടര്‍മാരുണ്ടായതില്‍ വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam