
തിരുവനന്തപുരം: കേരളത്തിന് തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈൻ റിസർവ് ബറ്റാലിയന് അനുമതി നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ സുരക്ഷ, ആഴക്കടലിലൂടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് പിടികൂടൽ തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള പ്രത്യേക ഇന്ത്യൻ റിസർവ് ബറ്റാലിയനാണ് കേന്ദ്രം ഉറപ്പ് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ 640 കിലോമീറ്റർ നീളമുള്ള തീരപ്രദേശം കണക്കിലെടുക്കുമ്പോൾ, സംസ്ഥാനത്തിന്‍റെ തീരദേശ സുരക്ഷയെ കുറിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പ്രധാനമായും ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബറ്റാലിയനിലെ അംഗങ്ങൾക്ക് പരിശീലനം, ആയുധങ്ങൾ വാങ്ങൽ, പ്രവർത്തന സജ്ജമാക്കൽ എന്നിവയുൾപ്പെടെയുള്ള ചെലവിന്‍റെ ഗണ്യമായ ഭാഗം കേന്ദ്രം വഹിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സ്ഥാപിക്കുന്ന ഈ പ്രത്യേക യൂണിറ്റിന്‍റെ സേവനം കേന്ദ്രമോ മറ്റ് സംസ്ഥാനങ്ങളോ ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സെന്‍റർ ഫോർ ഫോറൻസിക് സയൻസ് റിസർച്ച് ആൻഡ് എജ്യുക്കേഷന്‍റെ റീജ്യണൽ കാമ്പസ് കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സൈബർ ഫോറൻസിക്, സൈബർ കുറ്റകൃത്യ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 108 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്ന് അമിത് ഷാ അറിയിച്ചു. സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവിലെ ആശങ്ക യോഗത്തിൽ ചർച്ചയായി. സൈബർ കുറ്റവാളികൾ സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്നതിനെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടുന്നതിൽ കേരളം കൈവരിച്ച പുരോഗതിയും ചർച്ച ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിനെയും വയനാടിനെയും ഇടത് തീവ്രവാദം ബാധിച്ച ജില്ലകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് കേരളം പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടുമായി വനാതിർത്തി പങ്കിടുന്നു. വനമേഖലകളിലും സംസ്ഥാന അതിർത്തികളിലുമുള്ള പൊലീസ് നിരീക്ഷണം ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇത്തരം ദുർബല പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിന് കേന്ദ്രം കേരളത്തെ സാമ്പത്തികമായി സഹായിക്കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനുമായി 2221 കോടിയുടെ ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം താൻ വീണ്ടും ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഈ തുക കേന്ദ്ര വായ്പയായിട്ടല്ല, ഒറ്റത്തവണ ഗ്രാന്‍റായി കേരളത്തിന് ലഭിക്കണം. ഇത്തരം സഹായങ്ങളുടെ മാനദണ്ഡങ്ങൾ തീരുമാനിക്കുന്ന സമിതിയുടെ തലവൻ അമിത് ഷായാണ്. കേരളത്തിന്‍റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വിഷയം കേന്ദ്രത്തിന്‍റെ സജീവ പരിഗണനയിലാണെന്ന് അമിത് ഷാ പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.
ഐജിഎസ്ടി റിക്കവറി തിരികെ നല്‍കല്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന, കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി, സംസ്ഥാനത്ത് ഒരു സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചർ സ്ഥാപിക്കൽ, കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടന്‍ അനുവദിക്കുന്ന കാര്യം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്‍റെ ക്ഷേമത്തിന് മാത്രമല്ല. ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ടു തന്നെ എത്രയും വേഗത്തില്‍ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.