
ദില്ലി: സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പ്രധാനമായി ഉന്നയിച്ചത്, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന ആവശ്യമാണ്. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനർനിർമ്മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കൂടാതെ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണയും തേടി.
ഐ.ജി.എസ്.ടി. (IGST) റിക്കവറി തുക തിരികെ നൽകുന്ന വിഷയം, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടത്, കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകേണ്ടതിൻ്റെ പ്രാധാന്യം, സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (SPA) സ്ഥാപിക്കൽ, കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടൻ അനുവദിക്കുന്ന കാര്യം എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ചയായി.
ഈ ആവശ്യങ്ങൾ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവൽക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നവയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ എത്രയും വേഗത്തിൽ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam