പൂനൂർ പുഴയിൽ വൃദ്ധന്‍ മരിച്ചനിലയില്‍, കാല്‍വഴുതി വീണതെന്ന് സംശയം, വാഹനം പുഴയോരത്ത് നിന്ന് കണ്ടെത്തി

By Web TeamFirst Published Sep 11, 2022, 12:00 PM IST
Highlights

അംഗപരിമിതനായ കരീം പുഴയിലേക്ക് കാൽ വഴുതിവീണതെന്നാണ് പ്രാഥമിക നിഗമനം. 

കോഴിക്കോട്:  കൊടുവളളിക്ക് സമീപം പൂനൂർ പുഴയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ ചമൽ സ്വദേശി കരീം (70) ആണ് മരിച്ചത്. തലയിൽ മുറിവേറ്റിട്ടുണ്ട്. അംഗപരിമിതനായ കരീം പുഴയിലേക്ക് കാൽ വഴുതിവീണതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്‍റെ വാഹനം പുഴയോരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ പൂനൂർ പുഴയിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് കരീം ആണെന്ന് തിരിച്ചറിഞ്ഞത്. 

പള്ളിയോടം മറിഞ്ഞ് കാണാതായ ചെന്നിത്തല സ്വദേശിയെ കണ്ടെത്താൻ തെരച്ചിൽ; അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നത്. അപകടത്തിൽപ്പെട്ട രണ്ടു പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല. ശക്തമായ അടിയൊഴുക്കാണ് പ്രതിസന്ധിയായത്. പള്ളിയോടം മറിഞ്ഞ സ്ഥലത്തുനിന്ന് ദൂരെ മാറിയാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. അപകടകാരണം ഇനിയും വ്യക്തമാക്കാത്തതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാമതൊരാളെ കൂടി കാണാനില്ലെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും ഇയാൾ രക്ഷപ്പെട്ടതായി പിന്നീട് വിവരം ലഭിച്ചെന്ന് അധികൃതർ അറിയിച്ചു.


അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ  പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു. 

പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പള്ളിയോടത്തിലുണ്ടായിരുന്ന അതുൽ എന്നയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്. യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തളളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ, മന്ത്രി പി പ്രസാദ് അറിയിച്ചു. 

click me!