
കണ്ണൂർ: തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം കർമ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോക്കിൽ എബിസി സെന്റർ സജ്ജമാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇതിൽ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. വിപുലമായ രീതിയിൽ പൊതുജന പങ്കാളിതത്തോടെ പ്രശ്ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.
അതിനിടെ, രൂക്ഷമായ തെരുവുനായ ശല്യം നേരിടാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ഈ മാസം 14 ന് ആണ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ വ്യക്തമാക്കി.
പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പട്ടാമ്പി വിളയൂരിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചിരുന്നു. നായ ഓടിക്കുന്നതിനിടെ വീണ സാബിത്തിന് പരിക്കേറ്റിട്ടുണ്ട്. വയനാട്ടിൽ ജോലി കഴിഞ്ഞു മടങ്ങിയ കർഷകനെയും ആടിനെ മേയ്ക്കാൻ പോയ വിദ്യാർത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്.
കാസർകോട് തെരുവ് നായക്ക് പിന്നാലെ കുറുക്കന്റെ ആക്രമണം; ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍കോട്ട് കുറുക്കന്‍റെ ആക്രമണവും. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകളേയും വളര്‍ത്ത് മൃഗങ്ങളേയും കുറുക്കന്‍ ആക്രമിച്ചു. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്‍റെ ആക്രമണം. മാച്ചിക്കാട്ടെ പ്രഭാകരനെ കുറുക്കന്‍ മാന്തി പരിക്കേല്‍പ്പിച്ചു. ഭാസ്ക്കരനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam