'കൂട്ടം തെറ്റി കിടങ്ങിൽ വീണു'; ആനക്കുട്ടിയെ കരയ്ക്ക് കയറ്റി അമ്മയാനയ്ക്കൊപ്പമെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

By Web TeamFirst Published Sep 11, 2022, 11:50 AM IST
Highlights

രണ്ടര മാസം പ്രായം വരുന്ന ആനക്കുട്ടിയാണ് ഇന്ന് രാവിലെ കിടങ്ങിൽ അകപ്പെട്ടത്. കൂട്ടം തെറ്റി കിടങ്ങിൽ വീണതാണന്നാണ് നിഗമനം. 

വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കിടങ്ങിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടര മാസം പ്രായം വരുന്ന ആനക്കുട്ടിയാണ് ഇന്ന് രാവിലെ കിടങ്ങിൽ അകപ്പെട്ടത്. കൂട്ടം തെറ്റി കിടങ്ങിൽ വീണതാണന്നാണ് നിഗമനം. ആർആർടി ടീം സ്ഥലത്തെത്തിയാണ് ആനക്കുട്ടിയെ കിടങ്ങിൽ നിന്നും പുറത്തെത്തിച്ചത്. പിന്നീട് വനം വകുപ്പിന്റെ വാഹനത്തിൽ കയറ്റി ഉൾക്കാട്ടിൽ തള്ളയാനയുടെ സമീപത്ത് എത്തിക്കുകയായിരുന്നു.

മലമ്പുഴയിൽ ഒറ്റയാന്റെ ശല്യം, വലഞ്ഞ് കർഷകർ

പാലക്കാട് മലമ്പുഴയിൽ നെൽകൃഷിയിടത്തിൽ കാട്ടാന പതിവായി എത്തുന്നതായി കർഷകർ. പലയിടത്തും കതിരിടാറായ നെൽച്ചെടികളാണ് ആന നശിപ്പിക്കുന്നത്. വയലിലെ ചെളിയിൽ ആന കിടക്കുന്നതും കൃഷിനാശം കൂട്ടുന്നു. മരം മറിച്ചിട്ട് സോളാർ വേലി തകർത്താണ് ആന കാടിറങ്ങി എത്തുന്നത്.  പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനയെ ഓടിക്കാറുണ്ടെങ്കിലും ഒറ്റയാൻ കാടു കയറാൻ കൂട്ടാക്കാത്തത് കർഷകരെ ആശങ്കയിലാക്കുകയാണ്. കൃഷി നശിപ്പിച്ചാൽ കിട്ടുന്നത് തുച്ഛമായ നഷ്ടപരിഹാരം ആണ് എന്നതും കർഷകരെ വലയ്ക്കുന്നു. 

click me!