
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ 'കേരള' വീഡിയോ വീണ്ടും വൈറലായി. കടമക്കുടിയുടെ വീഡിയോ മുമ്പ് പങ്കുവച്ചിട്ടുള്ള മഹീന്ദ്ര ചെയർമാൻ, ഇക്കുറി പാലക്കാട്ടെ കൽപ്പാത്തി അഗ്രഹാരങ്ങളെക്കുറിച്ചാണ് ആവോളം വർണിച്ചിരിക്കുന്നത്. അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആധുനിക ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മികച്ച ഇടമാണ് ഈ ഗ്രാമമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൽപ്പാത്തിയിലെ പുലർകാല കാഴ്ചകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ഗ്രാമത്തിന്റെ ലാളിത്യവും ശാന്തമായ താളവും തന്നെ ആകർഷിച്ചുവെന്ന് അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് അധികം വൈകാതെ തന്നെ ഏവരുടെയും ശ്രദ്ധ കവരുകയായിരുന്നു.
ഇത് കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ്. ഒരു ‘ദക്ഷിണേന്ത്യൻ ഗ്രാമീണ പ്രഭാതം’ ചിത്രീകരിക്കാൻ ഇതിലും മികച്ചതുണ്ടാകില്ല. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, അങ്ങനെയാവാൻ ശ്രമിക്കുന്നുമില്ല. പക്ഷേ, ഏറ്റവും മികച്ച രീതിയിൽ, ഈ യാത്ര നമ്മെ ഉണർത്തുന്നത് ഇവിടുത്തെ മനോഹരമായ നിമിഷങ്ങളാകും. ഓർമകളിൽ നിലനിൽക്കുന്ന അനുഭവങ്ങളാകും ഇവിടുത്തെ പ്രത്യേകത. ഈ ഗ്രാമത്തിന്‍റെ താളത്തിലും ലാളിത്യത്തിലും മനോഹാരിതയിലും നിശബ്ദമായി ഒരു പങ്കാളിയാകണം. ആധുനിക ജീവിതത്തിന്റെ അശ്രാന്തമായ വേഗതയിൽ നിന്നുള്ള തികഞ്ഞ രക്ഷപ്പെടലാകും ആ യാത്ര.
സംസ്ഥാനത്ത് ഹെറിറ്റേജ് വില്ലേജ് പദവി ലഭിച്ച ആദ്യ സ്ഥലമാണ് കൽപ്പാത്തി. 700 വര്‍ഷത്തോളം പഴക്കമുള്ളതടക്കം പ്രശസ്തമായ നിരവധി ഹിന്ദുക്ഷേത്രങ്ങളും ഇവിടെയുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നവംബറില്‍ നടക്കാറുള്ള കല്‍പ്പാത്തി രഥോത്സവം കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്.
എറണാകുളം ജില്ലയിലെ കടമക്കുടിയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര മുമ്പ് പങ്കുവെച്ച പോസ്റ്റും വൻ ശ്രദ്ധ നേടിയിരുന്നു. കടമക്കുടിയുടെ പ്രകൃതിസൗന്ദര്യവും ശാന്തതയും അദ്ദേഹത്തെ ആകർഷിച്ചതായി പോസ്റ്റിൽ പരാമർശിച്ചിരുന്നു. ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റുകൾ കേരളത്തിന്റെ ഗ്രാമീണ മനോഹാരിതയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ആധുനിക ജീവിതത്തിന്റെ അതിവേഗ യാത്രയിൽ നിന്ന് മോചനം തേടുന്നവർക്ക് ഈ ഗ്രാമങ്ങൾ ഒരു ആശ്വാസകരമായ ഇടമാണെന്ന് അദ്ദേഹം അടിവരയിട്ടു. കൽപ്പാത്തിയിലെ അഗ്രഹാരങ്ങളുടെ പഴമയും പാരമ്പര്യവും, കടമക്കുടിയുടെ ശാന്തമായ പ്രകൃതിദൃശ്യങ്ങളും യാത്രികർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പോസ്റ്റുകൾ വിനോദസഞ്ചാരികളെ ഈ ഗ്രാമങ്ങളിലേക്ക് ആകർഷിക്കാനും കേരളത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യം വെളിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam