
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കേണ്ട മത്സരങ്ങൾ ഇൻക്ലൂസീവ് ക്രിക്കറ്റ് വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റിയത്. പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്.
ഇന്ന് വൈകിട്ടാണ് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് കായിക മേള ഉദ്ഘാടനം ചെയ്തത്. കായിക മേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ഏഴ് നാൾ പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇരുപതിനായിരത്തോളം കുട്ടികളാണ് മത്സരത്തിനിറങ്ങുക. സെൻട്രൽ സ്റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതിൽ 1944 കുട്ടികളാണ് മത്സരിക്കുന്നത്. ഗൾഫിലെ ഏഴ് സ്കൂളുകളിൽ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്. വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. പുത്തരിക്കണ്ടത്താണ് ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് മേളയുടെ അംബാസഡർമാര്‍. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും. 23നാണ് ട്രാക്കുണരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam