
കൊല്ലം: ''പഴവും മരുന്നും വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു ഞാൻ. ഇപ്പോഴത്തെ പൊരിവെയിൽ അറിയാമല്ലോ? അതുകൊണ്ടാണ് ബൈക്കെടുക്കാതെ, അച്ഛന്റെ കാറെടുത്ത് പോകാമെന്ന് തീരുമാനിച്ചത്. ഇത്രയും വലിയൊരു പ്രശ്നത്തിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയില്ല.'' കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലാകെ വൈറലായ വീഡിയോ ദൃശ്യങ്ങളിലെ ചെറുപ്പക്കാരൻ അനന്തുവിന്റെ വാക്കുകളാണിത്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ ഭാഗമായി കർശന യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ ലംഘിച്ചു എന്നതായിരുന്നു അനന്തു ചെയ്ത കുറ്റം. കൊല്ലം ജില്ലയിലെ പാരിപ്പള്ളി സ്വദേശിയായ അനന്തപദ്മനാഭൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
''ടെക്നോപാർക്കിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഇപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വീട്ടിലിരുന്നായിരുന്നു ജോലി. അപ്പൂപ്പന് മരുന്നും പഴവും വാങ്ങാൻ വേണ്ടിയാണ് ഞാൻ വീട്ടിൽ നിന്നും പോയത്. പാരിപ്പള്ളി ജംഗ്ഷന് സമീപം വച്ചാണ് പൊലീസ് കാറിന് കൈ കാണിച്ചത്. സത്യത്തിൽ ഞാൻ പേടിച്ചു പോയി. ശരിക്കും സിനിമയിലൊക്കെയേ ഞാനിത്തരം കാഴ്ചകൾ കണ്ടിട്ടുള്ളൂ. അതുകൊണ്ടാണ് കാറിൽ നിന്ന് ഇറങ്ങാതിരുന്നത്. പൊലീസ് എന്നെ ബലമായി കാറിൽ നിന്നിറക്കി, അവരുടെ വാഹനത്തിൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പിന്നീട് രണ്ട് ജാമ്യക്കാർ വന്നതിന് ശേഷമാണ് എന്നെ വിട്ടത്. കാറിപ്പോഴും സ്റ്റേഷനിൽ തന്നെയാണ്.'' അന്നത്തെ സംഭവത്തെക്കുറിച്ച് അനന്തപദ്മനാഭൻ വിശദീകരിക്കുന്നു.
വളരെപ്പെട്ടെന്നാണ് ഈ യുവാവിനെ പൊലീസുകാർ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിൽ രണ്ട് പക്ഷത്ത് നിൽക്കാനും ആളുണ്ടായി. പൊലീസുകാരുടെ ധീരപ്രവൃത്തിയെന്ന് ചിലർ പറഞ്ഞപ്പോൾ അനന്തുവിന്റെ കണ്ണീരും നിസഹായതയുമാണ് ചിലർ ചൂണ്ടിക്കാണിച്ചത്. സംഭവം വൈറലായതോടെ പാരിപ്പള്ളി സിഐ രാജേഷ് അനന്തപദ്മനാഭന്റെ വീട്ടിലെത്തി മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിച്ചു. തന്റെ ഭാഗത്തും തെറ്റുണ്ടെന്ന് അനന്തുവും സമ്മതിക്കാൻ തയ്യാറായി. ''കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് ലഭിച്ചിരുന്നു. പക്ഷേ ആ സമയത്ത് എന്റെ കയ്യിൽ അതുണ്ടായിരുന്നില്ല. സംഭവം വൈറലായതിനെ തുടർന്ന് സിഐ എന്നെ കാണാൻ വരുകയും മാപ്പ് പറയുകയും ചെയ്തു. സംഭവിച്ചതിൽ ഖേദമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചായിരിക്കാം എന്നോട് അങ്ങനെ പെരുമാറിയത്.- അനന്തപദ്മനാഭൻ പറയുന്നു.
"
അനന്തപദ്മനാഭനെ കാണാന്‍ സിഐ രാജേഷ് വീട്ടിലെത്തുകയും പിന്നീട് ഇരുവരും ചേര്‍ന്ന് ലൈവ് വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ''ആദ്യമായിട്ടാണ് ഞാൻ പൊലീസ് സ്റ്റേഷനിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ എത്തുന്നത്. അതിന്റെ മാനസിക സംഘർഷമുണ്ട്. ഞാൻ ഗുരുതരമായ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്നാണ് എന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കുന്നത്. വീട്ടിലുള്ളവരും സത്യത്തിൽ പേടിച്ചുപോയി. ഈ സംഭവം കാരണം മൂന്നു ദിവസമായി ജോലി ചെയ്യാൻ പോലും സാധിച്ചിട്ടില്ല. നൂറുകണക്കിന് കോളുകളാണ് ദിവസവും വരുന്നത്. കുടുംബക്കാരും സുഹൃത്തുക്കളും ഒപ്പം തന്നെയുണ്ട്. അതു മാത്രമാണ് ആശ്വാസം.'' അനന്തു പറയുന്നു.
നാളെയൊരിക്കൽ തന്നേപ്പോലെ ഒരാൾക്ക് ഇത്തരം അനുഭവം ഉണ്ടാകാൻ ഇടവരരുതെന്നാണ് അനന്തുവിന്റെ ആഗ്രഹം. പൊലീസിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാവശ്യമാണ്. പ്രത്യേകിച്ച് ഇത്തരമൊരു സാഹചര്യത്തില്‍. അഥവാ നിയമം ലംഘിച്ച ഒരാളെ പിടികൂടിയാൽ തന്നെ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി തിരികെ അയക്കാനുള്ള മനസാന്നിദ്ധ്യം പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കണം. ജനമൈത്രി പൊലീസിൽ നിന്ന് ജനങ്ങൾ അതാണ് പ്രതീക്ഷിക്കുന്നത്.'' അനന്തപദ്മനാഭൻ പറഞ്ഞു നിർത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam