
കണ്ണൂർ: ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആണ് പ്രതിഷേധം.
അതേസമയം, അനീഷിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ഏറ്റുകുടുക്ക ലൂർദ് മാതാ കത്തോലിക്കാ പള്ളിയിലാണ് ചടങ്ങുകൾ. അനീഷിന്റെ മരണം തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ സമ്മർദം കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ എസ്ഐആർ ജോലികളും മരണവും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിനിടെ ബിഎൽഒ ജോലി ചെയ്യുന്നതിൽ അനീഷ് സിപിഎം ഭീഷണി നേരിട്ടിരുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. എന്നാൽ സിപിഎമ്മിനെതിരെ ആരോപണമുയർത്തി പുകമറ സൃഷ്ടിക്കാനാണ് നീക്കമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam