
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പി ജീവനൊടുക്കിയ കേസിൽ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക്. ആനന്ദിൻറെ മൊബൈൽ ഫോൺ സന്ദേശം ലഭിച്ച സുഹൃത്തുക്കളുടെ മൊഴികളാണ് ആദ്യം ശേഖരിക്കുക. ബിജെപി ജില്ലാനേതൃത്വത്തെയും പൊലീസ് സമീപിക്കും. ഏതെങ്കിലും ഘട്ടത്തിൽ ആനന്ദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നോ എന്ന് അറിയാനാണിത്. അതൊടൊപ്പം സന്ദേശം അയച്ച ആനന്ദിൻറെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്കായി സമർപ്പിക്കും.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വിഷമമുണ്ട്, ഇതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപ്പറേഷനിലേക്ക് സീറ്റ് കിട്ടാത്തതിൽ മനംനൊന്താണ് ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്.
കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
ആനന്ദിന്റെ മരണം ദുഃഖകരമാണ്. അവർ ഭാഗ്യകരമായ വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ല. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആർ ശ്രീലേഖയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു. രാജീവ് ചന്ദ്ര ശേഖർ നേതാവ് ആയത് അച്ഛന്റെ തണലിൽ അല്ല. രാജീവ് ചന്ദ് ശേഖരിനെ വിമർശിക്കാൻ കെ മുരളീധരൻ 5 ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ ഇന്ന് പ്രതികൂട്ടിൽ ആണ്. കെ മുരളീധരൻ ചാരിത്ര്യപ്രസംഗം നടത്തരുതെന്നും ബിജെപി നേതാക്കൾ വിമർശിച്ചു. ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ വിമർശനങ്ങളോടായിരുന്നു നേതാക്കളുടെ പ്രതികരണം.